Your Image Description Your Image Description
Your Image Alt Text

 

കല്‍പ്പറ്റ: കമ്പമലയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ യുഎപിഎ ചുമത്തി തലപ്പുഴ പൊലീസ് കേസെടുത്തു. നാലംഗ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന മനോജാണ് തണ്ടര്‍ബോള്‍ട്ടിന് നേരെ ആദ്യം വെടിയുതിര്‍ത്തത് എന്നാണ് എഫ്‌ഐആര്‍. കണ്ടാലറിയുന്ന മറ്റുള്ളവരും സായുധരായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ഏറ്റമുട്ടലുണ്ടായത്. കമ്പമലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള തേന്‍പ്പാറ ആന്‍ക്കുന്ന് ഭാഗത്തെ ഉള്‍ക്കാട്ടിലായിരുന്നു വെടിവെപ്പ്. കുന്നിന്‍ മുകളില്‍ നിന്ന് മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചത്. ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചടിച്ചു. ഒമ്പത് റൌണ്ട് വെടിയുതിര്‍ത്തു. പിന്നാലെ മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരിലെ പാല്‍ച്ചുരവുമായി അതിരിടുന്ന ഭാഗമാണിത്.

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം കമ്പമലയില്‍ എത്തിയ നാലംഗം സംഘം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന പാടിക്കു സമീപത്താണ് സായുധ സംഘമെത്തിയത്. സി.പി. മൊയ്തീന്‍, ആഷിഖ് എന്ന മനോജ്, സന്തോഷ്, സോമന്‍ എന്നിവരാണ് എത്തിയതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പമലയില്‍ രണ്ടു തവണകളിലായി എത്തിയ മാവോവാദി സംഘം കെ.എഫ്.ഡി.സി ഡിവിഷണല്‍ മാനേജറുടെ ഓഫീസും പാടിയില്‍ പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും അടിച്ചു തകര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *