Your Image Description Your Image Description
Your Image Alt Text

 

അഹമ്മദാബാദ്: ഐപിഎല്ലിലെ ജീവൻമരണപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവിന് 201 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദർശൻറെയും ഷാരൂഖ് ഖാൻറെയും അർധസെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. തുടക്കത്തിൽ45-2 എന്ന സ്കോറിൽ പതറിയശേഷം തിരിച്ചടിച്ച സായ് സുദർശനും ഷാരൂഖ് ഖാനും ചേർന്നാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ആർസിബിക്കായി മാക്സ്‌വെല്ലും മുഹമ്മദ് സിറാജും സ്വപ്നിൽ സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കം തകർച്ച

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് ആശിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിലെ അവസാന പന്തിൽ തന്നെ ഓപ്പണർ വൃദ്ധിമാൻ സാഹയെ(5) സ്വപ്നിൽ സിംഗ് മടക്കി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന് പവർപ്ലേയിൽ ഗുജറാത്തിനെ 45ൽ എത്തിച്ചെങ്കിലും പവർ പ്ലേ കഴിഞ്ഞ ഉടൻ ഗില്ലും വീണു. 19 പന്തിൽ 16 റൺസ് മാത്രമെടുത്ത ഗില്ലിനെ ഗ്ലെൻ മാക്സ്‌വെൽ കാമറൂൺ ഗ്രീനിൻറെ കൈളില്ലെത്തിച്ചു.

എന്നാൽ പിന്നീടാണ് ഗുജറാത്തിൻറെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. ബാറ്റിംഗ് ഓർഡറിൽ പ്രമോഷൻ കിട്ടി നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ഷാരൂഖ് ഖാൻ തുടക്കം മുതൽ തകർത്തടിച്ചു. 24 പന്തിൽ അർധസെഞ്ചുറിയിലെത്തിയ ഷാരൂഖും സായ് സുദർശനും ചേർന്ന് 86 റൺസ് കൂട്ടുകെട്ടിലൂടെ ഗുജറാത്തിന് മികച്ച സ്കോറിലേക്കുള്ള അടിത്തറയിട്ടു. പന്ത്രണ്ടാം ഓവറില് 100 കടന്ന ഗുജറാത്തിനെ 14 ഓവറിൽ 131-2 എന്ന മികച്ച നിലയിൽ എത്തിച്ചശേഷമാണ് ഷാരൂഖ് മടങ്ങിയത്. 30 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും പറത്തിയ ഷാരൂഖിനെ മുഹമ്മദ് സിറാജ് ക്ലീൻ ബൗൾഡാക്കി.

ഷാരൂഖ് മടങ്ങിയശേഷം ആക്രമണം ഏറ്റെടുത്ത സായ് സുദർശൻ 34 പന്തിൽ അർധസെഞ്ചുറിയിലെത്തി. തകർത്തടിച്ച ഡേവിഡ് മില്ലറും സുദർശനും ചേർന്ന് അവസാന അഞ്ചോവറിൽ 62 റൺസാണ് അടിച്ചെടുത്തത്. അവസാന പന്ത് സിക്സിന് പറത്തിയാണ് മില്ലർ ഗുജറാത്തിനെ 200ൽ എത്തിച്ചത്. 19 പന്തിൽ മില്ലർ 26 റൺസുമായി പുറത്താകാതെ നിന്നപ്പോൾ സുദർശൻ 49 പന്തിൽ 84 റൺസുമായി പുറത്താകാതെ നിന്നു. നാലു സിക്സും എട്ട് ഫോറും അടങ്ങുന്നതാണ് സുദർശൻറെ ഇന്നിംഗ്സ്.

 

Leave a Reply

Your email address will not be published. Required fields are marked *