Your Image Description Your Image Description
Your Image Alt Text

 

ആലത്തൂർ: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സിറ്റിംഗ് എംപി രമ്യ ഹരിദാസും മന്ത്രി കെ രാധാകൃഷ്‌ണനും തമ്മില്‍ ശക്തമായ മത്സരം പ്രതീക്ഷിച്ചിട്ടും പോളിംഗ് കുറഞ്ഞതോടെ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ ചങ്കിടിപ്പ് ഏറിയിരിക്കുകയാണ് ആലത്തൂരില്‍. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കെ രാധാകൃഷ്‌ണന്‍ എംഎല്‍എയായ ചേലക്കരയിലാണ്. സ്ഥാനാർഥിയുടെ മണ്ഡലത്തിൽ കുറഞ്ഞത് എല്‍ഡിഎഫിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമോ?.

ഇടതുപക്ഷത്തിന്‍റെ ഉറച്ച മണ്ഡലമായിരുന്ന ആലത്തൂര്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് യുഡിഎഫിലേക്ക് മറിഞ്ഞത്. ഹാട്രിക് തേടിയിറങ്ങിയ എല്‍ഡിഎഫിലെ പി കെ ബിജുവിനെതിരെ (സിപിഎം) യുഡിഎഫിന്‍റെ രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) 1,58,968 വോട്ടുകളുടെ വന്‍ ജയമാണ് ആലത്തൂരില്‍ കഴിഞ്ഞവട്ടം നേടിയത്. ബിഡിജെഎസിന്‍റെ ടി വി ബാബുവായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ ഏഴ് നിയോജക മണ്ഡലങ്ങളിലും രമ്യ ലീഡ് നേടി വിജയിക്കുകയായിരുന്നു. ഇത്തവണ യുഡിഎഫ് മണ്ഡലം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് രമ്യ ഹരിദാസിനെ തന്നെയിറക്കിയപ്പോള്‍ എല്‍ഡിഎഫ് മന്ത്രി കെ രാധാകൃഷ്‌ണനെ ഇറക്കിയാണ് സീറ്റ് തിരിച്ചുപിടിക്കാന്‍ കച്ചമുറുക്കിയത്. ടി എന്‍ സരസു ടീച്ചറാണ് ഇവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി.

എന്നാല്‍ ആവേശ പ്രചാരണമാണ് ആലത്തൂരില്‍ ഇക്കുറി നടന്നതെങ്കിലും പോളിംഗ് ശതമാനം കുറഞ്ഞു. ആലത്തൂര്‍ ലോക്‌സഭ മണ്ഡലം പരന്നുകിടക്കുന്ന പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കനത്ത ചൂട് ഇതിനൊരു കാരണമായി കരുതാം. 2009ല്‍ 75.28%, 2014ല്‍ 76.24%, 2019ല്‍ 80.42% എന്നിങ്ങനെ പോളിംഗ് രേഖപ്പെടുത്തിയ ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ 2024ല്‍ 73.20% മാത്രമായി പോളിംഗ് ശതമാനം. ഏഴ് ശതമാനം വോട്ടുകള്‍ ഇക്കുറി കുറഞ്ഞതാണ് ഇടത്, വലത് മുന്നണികള്‍ക്ക് ഒരു ആശങ്ക. യുഡിഎഫിന് നിർണായകം ആകുന്ന ചിറ്റൂരിൽ ഭേദപ്പെട്ട പോളിംഗ് ഇക്കുറിയുണ്ടായി. അതേസമയം ചേലക്കരയില്‍ പോളിംഗ് കുറഞ്ഞത് ഇടതുപക്ഷത്തെ കുഴക്കുന്നു. എല്‍ഡിഎഫ് വേരോട്ടം നന്നായുള്ള ആലത്തൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പടുത്തിയത് എന്നത് മറ്റൊരു പ്രധാന കാര്യം.

2024ലെ പോളിംഗ് നിയോജക മണ്ഡലം തിരിച്ച്
തരൂര്‍ – 73.78
ചിറ്റൂര്‍ – 74.14
നെന്മാറ – 73.8
ആലത്തൂര്‍ – 74.92
ചേലക്കര – 72.01
കുന്നംകുളം – 72.25
വടക്കാഞ്ചേരി – 72.05

Leave a Reply

Your email address will not be published. Required fields are marked *