Your Image Description Your Image Description
Your Image Alt Text

 

ദുബായ്: ലോകത്തിലെ ഏറ്റവുംവലിയ സമുദ്രസംരക്ഷണ സംരംഭമായ ദുബായ് റീഫ് പദ്ധതി ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. അമേരിക്കൻ നിക്ഷേപകനായ റേ ഡാലിയോയോടൊപ്പം ഡൈവിങ് നടത്തി വേറിട്ടരീതിയിലാണ് അദ്ദേഹം പദ്ധതി ഉദ്ഘാടനം ചെയ്തത്.

പവിഴപ്പുറ്റുകൾ കൃത്രിമമായി നിർമിച്ച് ദുബായുടെ സമുദ്രസംരക്ഷണശേഷി ഉയർത്തുകയാണ് ലക്ഷ്യം. യു.എ.ഇ.യുടെ പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്കെല്ലാം പദ്ധതി മുൻഗണന നൽകുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബായ് കാൻ പദ്ധതിക്ക് കീഴിലാണ് റീഫ് പദ്ധതിവരുന്നത്.

600 ചതുരശ്ര കിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്ന പദ്ധതിയുടെ വലിപ്പം 85,000 ഫുട്‌ബോൾ മൈതാനങ്ങൾക്ക് തുല്യമാണ്. 70 ലക്ഷം ടണ്ണിലേറെ കാർബൺ പുറന്തള്ളൽ ഇതിലൂടെ ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ.

സമുദ്രവൈവിധ്യം വർധിപ്പിക്കുന്നതിനായി 2027 വരെ നാല് ഘട്ടങ്ങളിലായാണ് നാല് ലക്ഷം ക്യൂബിക് മീറ്റർ ജലത്തിൽ പദ്ധതി നടപ്പാക്കുക.സമുദ്ര ജീവികളുടെ സംരക്ഷണത്തിന് പവിഴപ്പുറ്റുകൾ പ്രധാന ഘടകമാണ്. പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുകകൂടിയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.

Leave a Reply

Your email address will not be published. Required fields are marked *