Your Image Description Your Image Description
Your Image Alt Text

 

കൽപറ്റ: യുഡിഎഫിൻറെ രാഹുൽ ഗാന്ധിക്ക് 2019ൽ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (4,31,770) നൽകിയ മണ്ഡലമാണ് വയനാട് ലോക്‌സഭ സീറ്റ്. കോൺഗ്രസിൻറെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റ് കൂടിയാണ് വയനാട്. എന്നാൽ 2024ലേക്ക് എത്തിയപ്പോൾ രാഹുൽ ഗാന്ധിക്കും യുഡിഎഫിനും ആശങ്കകളുടെ സൂചനകളാണ് വയനാട്ടിലെ പോളിംഗ് കണക്കുകൾ നൽകുന്നത്. വയനാട്ടിൽ കഴിഞ്ഞവട്ടം രാഹുലിന് കൂടുതൽ ഭൂരിപക്ഷം നൽകിയ നിയമസഭ മണ്ഡലത്തിൽ ഇക്കുറി പോളിംഗ് കുറഞ്ഞു.

2019ൽ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ ഗാന്ധിക്ക് ഒരുതരത്തിലും 2024ൽ വെല്ലുവിളിയാവേണ്ട മണ്ഡലമല്ല വയനാട് എന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടലുകൾ. കഴിഞ്ഞ തവണ 10,87,783 വോട്ടുകൾ പോൾ ചെയ്‌തപ്പോൾ 706,367 ഉം രാഹുൽ നേടി. ഇത്തവണ എൽഡിഎഫിനായി സിപിഐയുടെ ദേശീയ നേതാവ് ആനി രാജയും എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മത്സരത്തിനായി വന്നപ്പോൾ വയനാട്ടിൽ കഴിഞ്ഞ തവണത്തേക്കാൾ ആവേശം പ്രചാരണത്തിൽ ദൃശ്യമായി. അപ്പോഴും രാഹുൽ ഗാന്ധിക്ക് തന്നെ വലിയ മേൽക്കൈ യുഡിഎഫ് കണക്കുകൂട്ടി. എന്നാൽ വയനാട്ടിൽ ഇത്തവണ പോളിംഗ് കുത്തനെയിടിഞ്ഞതോടെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്പ് ആശങ്കയിലാണ്.

കഴിഞ്ഞ തവണ പോൾ ചെയ്തത് 80.33 ശതമാനം വോട്ടുകളെങ്കിൽ ഇത്തവണ അത് ഏഴ് ശതമാനം കുറഞ്ഞ് 73.48ലേക്ക് താണു. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ വൻ ഇടിവാണ് പോളിംഗിൽ ഇത്തവണ പ്രകടമായത്. കൽപ്പറ്റയിൽ വോട്ടുചെയ്തത് 72.92 % പേർ മാത്രം. യുഡിഎഫിൻറെ ആശ്വാസം ഏറനാട്ടെ (77.32%) കണക്കിലാണ്. 2019ലെ രാഹുൽ ഫാക്ടർ ഇത്തവണ വോട്ടിംഗിൽ പ്രതിഫലിച്ചോ, കൊടി വിവാദം ലീഗ് പോക്കറ്റുകളിൽ ആളെ കുറച്ചോ?- എന്നീ ചോദ്യങ്ങൾ വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉയരും. അതേസമയം വോട്ടുകൾ ക്യത്യമായി പോൾ ചെയ്തു എന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. പാർട്ടി വോട്ടുകൾ പെട്ടിയിലായെന്ന് എൻഡിഎയും പ്രതീക്ഷവെക്കുന്നു.
വയനാട്ടിലെ മാനന്തവാടിയും സുൽത്താൻ ബത്തേരിയും കൽപറ്റയും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാടും നിലമ്പൂരും വണ്ടൂരും ചേരുന്നതാണ് വയനാട് ലോക്‌സഭ മണ്ഡലം. 2009ൽ 74.71% ഉം 2014ൽ 73.25% ഉം വോട്ടുകൾ പോൾ ചെയ്‌ത വയനാട് ലോക്സഭ മണ്ഡലത്തിൽ 2019ൽ പോളിംഗ് ശതമാനം 80.33%ലേക്ക് ഉയർന്നത് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം റെക്കോർഡിലേക്ക് ഉയർത്തുന്നതിൽ നിർണായമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *