Your Image Description Your Image Description
Your Image Alt Text

 

വടകര: ഇഞ്ചോടിഞ്ച് എന്നല്ലാതെ മറ്റൊരു വിശേഷണം പറയാനില്ല, ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ൽ വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അത്ര ശക്തമായിരുന്നു. ഇടതുമുന്നണിക്കായി മട്ടന്നൂർ എംഎൽഎയും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ ടീച്ചറാണ് കളത്തിലിറങ്ങിയത്. യുഡിഎഫിനായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും എത്തിയതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി വടകര മാറി. സിആർ പ്രഫുൽ കൃഷ്‌ണയായിരുന്നു എൻഡിഎ സ്ഥാനാർഥി. പ്രചാരണം വാശിയേറിയിട്ടും പോളിംഗ് ശതമാനത്തിൽ ഇടിവ് പ്രകടമായതോടെ വടകര ഞെട്ടിച്ചിരിക്കുകയാണ്.

ആവേശ പ്രചാരണം

പ്രചാരണം എന്നൊക്കെ പറഞ്ഞാൽ, ഇടത് വലത് മുന്നണികളുടെ തീപ്പോരിനാണ് വടകര സാക്ഷ്യംവഹിച്ചത്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ പരസ്‌പരം മത്സരിച്ച് മറുപടി കൊടുക്കുന്ന ആളാരവങ്ങളാണ് മണ്ഡലത്തിലെ പ്രചാരണവേളയിൽ കണ്ടത്. പ്രചാരണച്ചൂട് കണ്ടാൽ ഇത്തവണ 80 ശതമാനത്തിന് മുകളിൽ പോളിംഗ് അനായാസം രേഖപ്പെടുത്തേണ്ടിയിരുന്നു വടകരയിൽ. 2004ൽ 75.83%, 2009ൽ 80.40% ഉം, 2014ൽ 81.37% ഉം, 2019ൽ 82.67% ഉം പോളിംഗ് രേഖപ്പെടുത്തിയ വടകര 85 ശതമാനം വോട്ടിംഗിലേക്ക് എത്തുമെന്നാണ് ഇത്തവണ കരുതിയിരുന്നത്. എന്നാൽ 2024ൽ 77.6 ശതമാനം വോട്ടർമാർ മാത്രമേ വടകര ലോക്‌സഭ മണ്ഡലത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചുള്ളൂ. സംസ്ഥാനത്ത് പൊതുവെയുണ്ടായ പോളിംഗ് ഇടിവാണോ ഇക്കുറി വടകരയിലെ ആവേശപ്രചാരണത്തിനിടയിലും സംഭവിച്ചത് എന്ന ചോദ്യം സജീവമാണ്.

മുൻ കണക്കുകൾ

2004ൽ 75.83% പോളിംഗ് കണ്ടപ്പോൾ എൽഡിഎഫിൻറെ പി സതീദേവി 1,30,589 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 80.40% പോളിംഗ് ഉണ്ടായ 2009ൽ യുഡിഎഫിൻറെ മുല്ലപ്പള്ളി രാമചന്ദ്രൻ 56,186 വോട്ടുകളുടെ ഭൂരിപക്ഷവുമായി ജയിച്ചു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 81.37% വോട്ടുകൾ പിറന്നപ്പോൾ 3,306 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു യുഡിഎഫിൻറെ മുല്ലപ്പള്ളി രാമചന്ദ്രനുണ്ടായിരുന്നത്. എഎൻ ഷംസീറായിരുന്നു ഇടത് സ്ഥാനാർഥി. 82.67% ശതമാനം പോളിംഗ് രേഖപ്പെടുത്തിയ 2019ൽ യുഡിഎഫിൻറെ കെ മുരളീധരൻ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചാണ് വടകര എംപിയായത്. എൽഡിഎഫിൻറെ പി ജയരാജനും എൻഡിഎയുടെ വി കെ സജീവനുമായിരുന്നു എതിർ സ്ഥാനാർഥികൾ.

ഇത്തവണ?

സംസ്ഥാനത്ത് വടകര മണ്ഡലത്തിലാണ് വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത്. രാത്രിവൈകിയും വലിയ ക്യൂവായിരുന്നു വടകരയിലെ പല ബൂത്തുകളിലും ദൃശ്യമായത്. കുറ്റ്യാടി മണ്ഡലത്തിലെ 141-ാം നമ്പർ ബൂത്തിൽ അവസാനത്തെ ആൾ വോട്ട് ചെയ്യുമ്പോൾ രാത്രി 11.43 ആയി. വോട്ടെടുപ്പ് വൈകിയതിനെ തുടർന്ന് പലയിടത്തും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടർമാരും തമ്മിൽ തർക്കം ഉണ്ടായി. നാദാപുരത്ത് വോട്ടർമാരെ നിയന്ത്രിക്കാൻ പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നു. ഓപ്പൺ വോട്ട് മുൻകാലങ്ങളേക്കാൾ അധികമായി അനുവദിച്ചതാണ് വോട്ടെടുപ്പ് നീണ്ടു പോകാൻ കാരണമെന്ന് വോട്ടർമാർ പരാതിപ്പെട്ടു. മുമ്പത്തേക്കാൾ പോളിംഗ് കുറഞ്ഞിട്ടും 2024ൽ സംസ്ഥാനത്തെ ഏറ്റവുമുയർന്ന പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലമായി വടകര മാറിയെന്നത് കൗതുകകരം.

Leave a Reply

Your email address will not be published. Required fields are marked *