Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് ആശങ്ക സമ്മാനിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ൽ കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുകയാണ് കേരളത്തിൽ. ഇതുവരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 70.35 മാത്രമാണ് പോളിംഗ് ശതമാനം. കുറഞ്ഞ പോളിംഗ് നിരക്ക് സംസ്ഥാനത്തെ ട്രെൻഡിൻറെ സൂചന നൽകുന്നുണ്ടോ? ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 1980 മുതൽ ഇതുവരെ ഉള്ള പോളിംഗ് ശതമാനത്തിൽ വന്ന മാറ്റവും മുന്നണികൾക്ക് ലഭിച്ച സീറ്റുകളും എങ്ങനെ എന്ന് നോക്കാം.

1980ൽ 62.16 ശതമാനം പോളിംഗ് നടന്നപ്പോൾ എൽഡിഎഫ് 12 ഉം യുഡിഎഫ്‌ 8 ഉം സീറ്റുകൾ നേടി. 1984ൽ 77.13 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ യുഡിഎഫ് 17, എൽഡിഎഫ് 3 എന്നിങ്ങനെയായിരുന്നു സീറ്റ് നില. 1989ലെ പൊതു തെരഞ്ഞെടുപ്പിൽ 79.30 ശതമാനം വോട്ടുകളാണ് കേരളത്തിൽ പെട്ടിയിൽ വീണത്. യുഡിഎഫ് 17, എൽഡിഎഫ് 3 എന്ന നില തുടർന്നു. 1991ൽ 73.32 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ യുഡിഎഫ് 16, എൽഡിഎഫ് 4 എന്ന നിലയിൽ വോട്ടെണ്ണൽ അവസാനിച്ചു. 1996ൽ 71.11 ശതമാനമായിരുന്നു പോളിംഗ്. 10 വീതം സീറ്റുകളുമായി ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്‌ചവെച്ചു. 1998ലെ 70.66 ശതമാനം വോട്ടിംഗിൽ യുഡിഎഫ് 11, എൽഡിഎഫ് 9 എന്നിങ്ങനെയായിരുന്നു ഫലം. 1999ൽ 70.19 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ സീറ്റുനിലയിൽ മാറ്റമുണ്ടായില്ല. യുഡിഎഫ് 11, എൽഡിഎഫ് 9.

ഇടത് തരംഗമുണ്ടായ 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 71.45 ശതമാനം വോട്ടുണ്ടായപ്പോൾ എൽഡിഎഫ് 18 സീറ്റുകൾ തൂത്തുവാരി. എന്നാൽ 73.38 ശതമാനം പേർ വോട്ട് ചെയ്‌ത 2009ൽ 16 സീറ്റുകളുമായി യുഡിഎഫ് തിരിച്ചുവന്നു. എൽഡിഎഫ് നാല് ജയങ്ങളിൽ ഒതുങ്ങി. 2014ൽ 73.94 ശതമാനം വോട്ടുകൾ പോൾ ചെയ്‌തപ്പോൾ യുഡിഎഫ് 12, എൽഡിഎഫ് 8 എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് തരംഗം കണ്ട 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളും മുന്നണി വാരിയപ്പോൾ എൽഡിഎഫ് ആലപ്പുഴയിലെ ഒറ്റ വിജയത്തിൽ ഒതുങ്ങി എന്നതാണ് ചരിത്രം. ഇത്തവണ ഏകദേശം 7 ശതമാനത്തോളം പോളിംഗ് കുറഞ്ഞത് ചരിത്രം വച്ച് നോക്കിയാൽ ഇടത്, വലത് മുന്നണികളെ വലിയ സമ്മർദത്തിലാക്കുന്ന ഘടകം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *