Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരമേഖലയിലെ ഉയർന്ന പോളിംഗിൽ ആശങ്കയും പ്രതീക്ഷയുംപങ്കുവച്ച് മുന്നണികൾ. ജയപരാജയങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ന്യൂനപക്ഷ വോട്ടുകൾ ഒപ്പമെന്നാണ് മൂന്നുമുന്നണികളും അവകാശപ്പെടുന്നത്. ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷമെന്നാണ് മുന്നണികളുടെ മനക്കണക്ക്. കഴിഞ്ഞ തവണത്തെ പോളിംഗിലേക്ക് മണ്ഡലം എത്തിയില്ല. പക്ഷേ ഉയർന്നാണ് പോളിംഗ് തീരമേഖലകളിൽ രേഖപ്പെടുത്തിയത്. പാറശ്ശാല, നെയ്യാറ്റിൻകര, കോവളം, എന്നിവിടങ്ങളിൽ പോളിംഗ് ശതമാനം എഴുപത് ശതമാനത്തിന് മുകളിലെത്തി. തീരദേശ ജനതയുടെ നിർണായക വോട്ടുകൾ ഏറെയുള്ള ഈ നിയമസഭാ മണ്ഡലങ്ങൾ ഒപ്പം നിന്നുവെന്നാണ് മൂന്നുമുന്നണികളും അവകാശപ്പെടുന്നത്.

മുൻ തിരഞ്ഞെടുപ്പുകളിൽ ശശി തരൂരിന് വലിയ ഭൂരിപക്ഷം നൽകിയ ലത്തീൻ വോട്ടുകളും മുസ്ലിംവോട്ടുകളും ഇത്തവണയും കൂടെപ്പോന്നെന്നാണ് യുഡിഎഫ് കരുതുന്നത്. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ കാലിടറിയാലും ജയിക്കാനുള്ള വോട്ട് തീരമേഖല നൽകുമെന്നാണ് ആത്മവിശ്വാസം.

ഏഴു നിയമസഭാ മണ്ഡലങ്ങളിലും കരുത്തുകാട്ടുമെന്നാണ് എൽഡിഎഫ് ക്യാമ്പിൻറെ ഉറപ്പ്. ഇടതുപക്ഷത്തിന് വലിയ വേരോട്ടമുള്ള ജില്ലയുടെ തെക്കൻ മണ്ഡലങ്ങളിൽ എൽഡിഎഫിന് അനുകൂലമായ തരംഗമുണ്ടായെന്നാണ് അവകാശം.
തരൂരിൻറെ വോട്ടുബാങ്കുകളെ തുടക്കത്തിലെ രണ്ടായി പകുത്തെന്നാണ് എൻഡിഎ അവകാശപ്പെട്ടത്. നേമം, വട്ടിയൂർക്കാവ്, മണ്ഡലങ്ങൾ വമ്പിച്ച ഭൂരിപക്ഷം നൽകുമെന്നും കഴക്കൂട്ടത്തും തിരുവനന്തപുരം സെൻട്രലിലും മുന്നേറ്റമുണ്ടാകുമെന്നുമാണ് ബിജെപി കണക്ക്. തീരമേഖലയിൽ സിറ്റിങ് എംപിയോടുള്ള എതിർപ്പ് രാജീവ് ചന്ദ്രശേഖറിന് ഗുണംചെയ്യുമെന്നാണ് അവകാശവാദം. എത്ര കൂട്ടിയാലും കിഴിച്ചാലും ഇരുപതിനായിരത്തിൽ താഴെ മാത്രം ഭൂരിപക്ഷത്തിലൊരു ജയമെന്നാണ് മൂന്നുമുന്നണികളുടെയും തിരഞ്ഞെടുപ്പ് ക്യാമ്പുകളുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *