Your Image Description Your Image Description
Your Image Alt Text

 

തൃശൂർ: സഹോദരനുവേണ്ടി പ്രാർഥിക്കില്ലെന്ന സഹോദരിയും ബിജെപി പ്രവർത്തകയുമായ പത്മജ വേണുഗോപാലിന്റെ പരാമർശത്തിന് മറുപടിയുമായി കെ മുരളീധരൻ. പത്മജയുടെ പ്രാർഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാൻ കഴിയുമെന്നുമാണ് യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻറെ മറുപടി.

പത്മജ ആർക്കുവേണ്ടി വേണമെങ്കിലും പ്രാർത്ഥിക്കട്ടെ. തനിക്കുവേണ്ടി പ്രാർത്ഥിക്കേണ്ട. കള്ളനാണയങ്ങളെ ദൈവത്തിനറിയാം. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ തന്റെ വിശ്വാസമെന്നും മുരളീധരൻ പ്രതികരിച്ചു. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് താൻ. അതിന്റെ ഗുണം സാധാരണയായി ഉണ്ടാകാറുണ്ട്. അത് ഇത്തവണയും ഉണ്ടാകും എന്നാണ് വിശ്വാസം. തന്റെ മാത്രം മിടുക്കല്ല അത്. കോൺഗ്രസ് പാർട്ടിയുടെയും പാർട്ടി പ്രവർത്തകരുടെയും കൂടി ഗുണമാണ്. ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഒരു അപശബ്ദവുമില്ലാതെ പ്രചാരണ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നെന്നും മുരളീധരൻ അവകാശപ്പെട്ടു.

പാർട്ടി ഏൽപ്പിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും മുരളീധരൻ പറഞ്ഞു. വോട്ട് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനർഥം നിലവിലുള്ള സർക്കാരിനെതിരായി സാധാരണക്കാർക്ക് കടുത്ത അമർഷമുണ്ട് എന്നാണ്. പാചക വാതകമൊക്കെ വാങ്ങുന്നതും ഉപയോഗിക്കുന്നതും സ്ത്രീകളാണ്. അവർ എന്തായാലും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും മുരളീധരൻ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് നേരത്തെ പത്മജ വേണുഗോപാൽ പറഞ്ഞിരുന്നു. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തൻറെ പ്രസ്ഥാനം വേറെയാണ്. സഹോദരനു വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നും അല്ലല്ലോയെന്നും പത്മജ പറയുകയുണ്ടായി. താൻ സഹോദരിയല്ലെന്നും തന്നെ വേണ്ടെന്നും പറഞ്ഞത് മുരളീധരനാണെന്നും അതുകൊണ്ടുതന്നെ പ്രാർത്ഥിക്കേണ്ട കാര്യമില്ലെന്നും പത്മജ വേണുഗോപാൽ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *