Your Image Description Your Image Description
Your Image Alt Text

 

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലത്തിലെ 24ആം നമ്പർ ബൂത്തായ കൈതക്കൊല്ലി ഗവൺമെൻറ് ലോവർ പ്രൈമറി സ്‌കൂളിൽ കനത്ത പോളിങ്. 78.3 ശതമാനം പോളിങാണ് ബൂത്തിൽ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ബൂത്തിൽ വോട്ടെടുപ്പ് നടത്തിയത്. 1083 വോട്ടർമാരുള്ള ബൂത്തിൽ 848 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 422 പുരുഷൻമാരും 426 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. പ്രദേശത്തെ വോട്ടർമാരെ വോട്ട് ചെയ്യിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് ബൂത്തിൽ രേഖപ്പെടുത്തിയ കനത്ത പോളിങെന്ന് ബൂത്ത് ലെവൽ ഓഫീസർ പ്രതികരിച്ചു.

വോട്ടെടുപ്പ് നടക്കാനിരിക്കെ വയനാട്ടിൽ പട്ടാപ്പകൽ മാവോയിസ്റ്റുകൾ എത്തിയിരുന്നു. മാനന്തവാടിയിലാണ് ആയുധവുമായി നാല് മാവോയിസ്റ്റുകൾ എത്തിയത്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും 40 വർഷമായി ഇതുതന്നെയാണ് അവസ്ഥയെന്നും അവർ പ്രദേശവാസികളോട് പറഞ്ഞു. കമ്പമലയിലെ തൊഴിലാളികടക്കമുള്ള ജനങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നതായിരുന്നു മാവോയിസ്റ്റുകളുടെ ആവശ്യം. മാവോയിസ്റ്റ് സംഘം എത്തിയപ്പോൾ നാട്ടുകാരിൽ നിന്ന് എതിർപ്പുയർന്നു. ജനങ്ങൾ കൂടുന്ന തലപ്പുഴ ടൗണിലേക്ക് വരണമെന്ന് നാട്ടുകാർ ഇവരോട് ആവശ്യപ്പെട്ടു. ആയുധധാരികളായ രണ്ടു പേരാണ് ചെറിയ ജംങ്ഷനിൽ കൂടിനിന്നവരോട് സംസാരിച്ചത്. 20 മിനിട്ടോളം ഇവർ സംസാരിച്ചു. സി പി മൊയ്തീൻ, മനോജ്, സോമൻ എന്നിവരാണ് എത്തിയതെന്നാണ് സൂചന. നാലാമൻ ആരെന്ന് വ്യക്തമായിട്ടില്ല.

വർഷങ്ങളായി കമ്പമല, മക്കിമല മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ട്. ഇക്കാരണത്താൽ പൊലീസിന്റെയും തണ്ടർ ബോൾട്ടിന്റെയും നിരന്തര പരിശോധന ഇവിടെ നടക്കാറുണ്ട്. കുറച്ച് മാസം മുൻപ് ഇവിടെയുള്ള വനം വികസന കോർപ്പറേഷന്റെ തേയിലത്തോട്ടം ഓഫീസ് മാവോയിസ്റ്റുകളെത്തി അടിച്ചു തകർത്തിരുന്നു. മക്കിമല പ്രദേശത്ത് കൂടിയാണ് സംഘം രക്ഷപ്പെട്ടത്.

 

 

Leave a Reply

Your email address will not be published. Required fields are marked *