Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി ഭയന്നിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ മോദി വേദിയിൽ പൊട്ടിക്കരഞ്ഞേക്കുമെന്നും രാഹുൽ പരിഹസിച്ചു. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പാത്രം കൊട്ടാനുമൊക്കെ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി മിണ്ടുന്നുണ്ടോ എന്നും രാഹുൽ ചോദിച്ചു. കർണാടകയിലെ ബിജാപൂരിലെ റാലിയിലാണ് രാഹുൽ മോദിയെ കടന്നാക്രമിച്ചത്.

ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു വശത്ത് ഭരണഘടന തകർക്കാനാണ് നരേന്ദ്ര മോദിയും ബി ജെ പിയും ശ്രമിക്കുന്നത്. അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്ക് രാജ്യത്തിൻറെ സ്വത്ത് എഴുതിക്കൊടുത്ത സർക്കാർ ആണ് നരേന്ദ്ര മോദിയുടേത്. കോർപ്പറേറ്റുകൾക്ക് മോദി നൽകിയ പണം തിരിച്ച് പിടിച്ച് കർഷകർക്കും തൊഴിലില്ലാത്തവർക്കും സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും വീതിച്ച് നൽകുമെന്നും രാഹുൽ ആവർത്തിച്ചു.

അതേസമയം, മുസ്ലീം പരാമർശത്തിൽ മാധ്യമങ്ങൾ തന്നെ കടന്നാക്രമിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പറഞ്ഞത്. വസ്തുതാന്വേഷണം നടത്താതെയാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. മൻമോഹൻ സിംഗ് മുസ്ലീം പ്രീണന പരാമർശം നടത്തിയിട്ടില്ലെന്ന് പറയുന്നവരെ വെല്ലുവിളിക്കുകയാണ്. ഇന്ന് പുറത്ത് വന്ന ഒരു പഴയ വിഡിയോയിലും മൻമോഹൻ സിംഗ് പറയുന്നത് താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണെന്നും മോദി അവകാശപ്പെട്ടു.

മുസ്ലീങ്ങൾക്ക് മുൻഗണന നൽകുന്ന കോൺഗ്രസിനെക്കുറിച്ചോ ‘ഇൻഡി’ സഖ്യത്തെ കുറിച്ചോ പറയുമ്പോൾ അവർ ദേഷ്യപ്പെടുകയും തന്നെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്യുന്നുവെന്നാണ് മോദി പറയുന്നത്. 25 വർഷമായി അവർ എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. പക്ഷേ പരാജയപ്പെട്ടുവെന്ന് അവർ മനസിലാക്കണം. ഇനി അവർ ഈ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *