Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: വിവി പാറ്റ് കേസ് വിധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവി പാറ്റ് കേസിലെ വിധി ഇന്ത്യ സഖ്യത്തിനുള്ള മറുപടിയെന്ന് മോദി പ്രതികരിച്ചു. ഇന്ത്യ സഖ്യ നേതാക്കൾ ഇവിഎമ്മിനെക്കുറിച്ച് സംശയമുണ്ടാക്കാൻ നോക്കുന്നുവെന്നും ‌അവർക്കുള്ള തക്കതായ മറുപടിയാണ് സുപ്രീം കോടതി വിധിയെന്നും മോദി വ്യക്തമാക്കി.

വ്യക്തിപരമായ താൽപര്യം നോക്കിയാണ് ചിലർ ഇവിഎമ്മിനെ അപകീർത്തിപ്പെടുത്തുന്നത്. ലോകം മുഴുവൻ പുതിയ സാങ്കേതിക വിദ്യകൾ ഉപയോ​ഗിക്കുന്ന ഇന്ത്യയെ പ്രശംസിക്കുകയാണ്. ഇവർ നിരന്തരം ജനാധിപത്യത്തെ ചതിക്കാൻ നോക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യത്തിലെ ഓരോ നേതാവും ജനങ്ങളിൽ ഇവിഎമ്മിനെകുറിച്ച് സംശയമുണ്ടാക്കാൻ നോക്കുകയാണ്. എന്നാൽ അവർക്ക് തക്കതായ മറുപടി സുപ്രീം കോടതി വിധിയിലൂടെ ലഭിച്ചു, ബാലറ്റ് ബോക്സുകൾ കൊള്ളയടിക്കാമെന്ന അവരുടെ മോഹം ഇനി നടക്കില്ലെന്നും മോദി വ്യക്തമാക്കി.

വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായും ഒത്തു നോക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്നും ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് ഉചിതമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വോട്ടെണ്ണൽ കഴിഞ്ഞ് ഇവിഎമ്മിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ മൈക്രോ കൺട്രോളർ സ്ഥാനാർത്ഥികൾക്ക് സ്വന്തം ചിലവിൽ പരിശോധിക്കാൻ അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി.

പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെന്ന ചില പാർട്ടികളുടെ നിർദ്ദേശത്തിന് സുപ്രീംകോടതിയിൽ കനത്ത തിരിച്ചടിയാണ് ഏറ്റത്. എല്ലാ മെഷീനുകളിലെയും വോട്ടുകൾ വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കണം എന്നയാവശ്യം നേരത്തെ ഇന്ത്യ സഖ്യം ഉന്നയിച്ചിരുന്നു. ഇവിഎമ്മിനെ അവിശ്വസിക്കേണ്ടതില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു. വിവിപാറ്റ് പൂർണ്ണമായും ഒത്തു നോക്കുന്നത് ഈ സംവിധാനത്തെ അവിശ്വസിക്കുന്നതിന് തുല്യമാണ്. ഇങ്ങനെ അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കർ ഗുപ്ത എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.
ഇവി എമ്മിന്റെ സാങ്കേതിക സുരക്ഷ കർശനമാക്കാൻ ചില നിർദ്ദേശങ്ങളും കോടതി മുന്നോട്ടു വച്ചു. ഇവിഎമ്മിലെ സിംബൽ ലോഡിംഗ് യൂണിറ്റ്, എസ് എൽ യുവിലാണ് സ്ഥാനാർത്ഥികളുടെ ചിഹ്നം സ്റ്റോർ ചെയ്യുന്നത്. ചിഹ്നം ലോഡ് ചെയ്ത ശേഷം ഈ യൂണിറ്റ് മുദ്ര വയ്ക്കാൻ കോടതി നിർദ്ദേശിച്ചു. വോട്ടെണ്ണൽ കഴിഞ്ഞ് 45 ദിവസം യൂണിറ്റ് സൂക്ഷിക്കണം. വോട്ടെണ്ണലിന് ശേഷം സ്ഥാനാർത്ഥിക്ക് പരാതിയുണ്ടെങ്കിൽ ഇവിഎമ്മിന്റെ മൈക്രോ കൺട്രോളർ മൂന്ന് എഞ്ചിനീയർമാരുടെ സംഘം പരിശോധിക്കണം.

ഇതിന്റെ ചിലവ് സ്ഥാനാർത്ഥി വഹിക്കണം. എന്തെങ്കിലും ക്രമക്കേട് നടന്നു എന്ന് തെളിഞ്ഞാൽ മാത്രം പണം തിരിച്ചു നൽകും. വിവിപാറ്റ് സ്ലിപ്പുകളിൽ ബാർകോഡ് ഉൾപ്പെടുത്തണം എന്ന നിർദ്ദേശം പരിശോധിക്കാനും കോടതി ഉത്തരവിട്ടു. ഇവിഎമ്മിനെതിരായ പ്രചാരണം ചെറുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുന്നതാണ് കോടതി വിധി. പാർട്ടി വിജയങ്ങൾ ഇവിഎം ക്രമക്കേട് കാരണമെന്ന എതിരാളികളുടെ വാദം പൊളിഞ്ഞത് വോട്ടെടുപ്പ് തുടരുന്നതിനിടെ ബിജെപിക്കും വൻ ആശ്വാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *