Your Image Description Your Image Description
Your Image Alt Text

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം – ബിജെപി അന്തർധാരയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും തൃശൂരിർ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.മുരളീധരൻ. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളാണ് ബിജെപിക്ക് ലഭിക്കുക. ബാക്കി പതിനെട്ടെണ്ണവും ഇടതിനും ലഭിക്കാൻ ബിജെപി എൽഡിഎഫിനെ സഹായിക്കും. കോൺഗ്രസ് ഈ അന്തർധാര പൊളിക്കുമെന്നും, 20 സീറ്റിലും വിജയം നേടുമെന്നും മുരളീധരൻ പറഞ്ഞു.

‘‘യുഡിഎഫിന് 100 ശതമാനം വിജയം ഉറപ്പാണ്. തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. ഞങ്ങൾക്ക് വിജയം ഉറപ്പാണ്. കോസ്റ്റൽ ബെൽറ്റിലൊക്കെ നല്ല ക്യൂവാണ്. അതെല്ലാം യുഡിഎഫിന് തികച്ചും അനുകൂലമാണ്. അതുകൊണ്ട് ത‍ൃശൂരിൽ യുഡിഎഫിന് വിജയം ഉറപ്പാണ്.

‘‘സിപിഎം–ബിജെപി അന്തർധാരയുടെ കാര്യം ഞാനല്ലേ ആദ്യം പറഞ്ഞത്. അതു പറഞ്ഞപ്പോൾ എല്ലാവരും തമാശയായിട്ട് എടുത്തു. അന്തർധാര വളരെ ശക്തമാണ്. പതിനെട്ട് മണ്ഡലങ്ങളിലും എൽഡിഎഫും രണ്ടിടത്ത് ബിജെപിയും – അതാണ് അന്തർധാരയുടെ ഫോർമുല. തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി പതിനെട്ട് മണ്ഡലവും ഇടതിന്. ഈ ധാരണ ഞങ്ങൾ പൊളിക്കും. ഒരു സംശയവും വേണ്ട.

എല്ലാ കാര്യവും മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു മാത്രമേ ആ പാർട്ടിയിൽ നടക്കൂ. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തൃ‍ശൂർ സിപിഎം ജില്ലാ ഓഫിസിൽ വന്നതുതന്നെ ഡീൽ ഉറപ്പിക്കാനാണ്. അതു പലയിടത്തും കാണാം. സിപിഎമ്മിന്റെ പല പ്രമുഖരുടെയും അഭാവം തൃശൂരിൽ നിഴലിച്ചു കാണുന്നുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. കോൺഗ്രസിനെ നശിപ്പിക്കുകയാണ് ഈ ഡീലിന്റെ പ്രധാന ഉദ്ദേശ്യം. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം എന്നു പറയുന്നതുപോലെ, സ്വന്തം കേസുകളിൽനിന്ന് ഊരുകയും ചെയ്യാം, കോൺഗ്രസിനെ ശരിയാക്കുകയും ചെയ്യാം.’’ – മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *