Your Image Description Your Image Description
Your Image Alt Text

 

വൈകാരികമായി ഇരിക്കുമ്പോൾ മനുഷ്യൻറെ മുഖത്ത് പല ഭാവങ്ങളാകും ദൃശ്യമാവുക. വികാര ജീവിയായ മനുഷ്യന് തൻറെ വികാരത്തെ, അത് എന്ത് തന്നെയായാലും ഭാവങ്ങളിലൂടെ പ്രകടിപ്പിക്കാൻ‌ കഴിയുന്നു. മനുഷ്യനെ പോലെ കോഴികളും വൈകാരിക ജീവികളാണെന്ന് ഏറ്റവും പുതിയ പഠനം പറയുന്നു. മാനസികാവസ്ഥയ്ക്ക് അനുസരിച്ച് കോഴികളും വികാരങ്ങൾ പ്രകടിപ്പിക്കുന്നു. തങ്ങളുടെ മുഖത്തിൻറെ നിറത്തിൽ വ്യത്യാസങ്ങൾ കൊണ്ട് വന്നാണ് ഇത്തരത്തിൽ അവയും തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കോഴികളുടെ മുഖം നോക്കി അവ കടന്ന് പോകുന്ന മാനസികാവസ്ഥ മനസിലാക്കാൻ കഴിയുമെന്നാണ് പഠനം പറയുന്നത്.

ഐഎൻആർഎഇ (INRAE​) ​ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഈ രസകരമായ കണ്ടെത്തൽ. കോഴികളുടെ സ്വഭാവ രീതികളിലേക്ക് കൂടുതൽ ഉൾക്കാഴ്ച നൽകാൻ പഠനത്തിന് കഴിയും. മറ്റ് മൃഗങ്ങളെയും പക്ഷികളെയും പോലെ സന്തോഷവും ആവേശവും സങ്കടവും ഭയവും അങ്ങനെ എല്ലാ വികാരങ്ങളും കോഴികൾക്കുമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ അവ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. കോഴികളുടെ മുഖത്തിൻറെ നിറത്തിലൂടെയാണ് അവയുടെ വികാരം എന്തെന്ന് മനസിലാക്കാൻ കഴിയുന്നത്.

ഒരു കോഴി വിശ്രമിക്കുകയോ സന്തോഷിക്കുകയോ ചെയ്യുമ്പോൾ, അവയുടെ മുഖത്തിൻറെ നിറം ഇളം പിങ്ക് നിറത്തിലേക്ക് മാറും. വികാരങ്ങൾക്ക് അനുസരിച്ച് കോഴികളുടെ മുഖത്തേക്ക് ഇരച്ചെത്തുന്ന രക്തപ്രവാഹം മൂലമാണ് ഇത്തരത്തിൽ നിറം മാറ്റമുണ്ടാകുന്നത്. കോഴികളുടെ മുഖത്തിന് ചുറ്റുമുള്ള ചർമ്മം വളരെ സെൻസിറ്റീവ് ആയതിനാൽ ഈ മാറ്റം കാണാൻ കഴിയുമെന്നും പഠനം പറയുന്നു. ഇനി സങ്കടമോ ഭയമോ ആണ് കോഴിയിലുണ്ടാകുന്നതെങ്കിൽ മുഖത്തേക്കുള്ള രക്തയോട്ടം ശക്തമാവുകയും മുഖം കടും ചുവപ്പായി മാറുകയും ചെയ്യുന്നു. വിശ്രമവേളകളിൽ അവയുടെ രക്തയോട്ടം സാധാരണ നിലയിലാകുന്നു. ഇതോടെ മുഖം ഇളം പിങ്ക് നിറത്തിലേക്ക് മാറുന്നു. വിഷമിക്കുമ്പോഴും കോഴിയുടെ മുഖം കടും ചുവപ്പായി മാറുന്നു.

ഫ്രാൻസിലെ ലോയർ താഴ്‌വരയിലെ മൂന്ന് മുതൽ നാല് മാസം വരെ പ്രായമുള്ള നിരവധി സസെക്സ് കോഴികളിൽ മൂന്നാഴ്ചയോളം നടത്തിയ നീരീക്ഷണ പഠനങ്ങളിൽ നിന്നാണ് ഗവേഷകർ ഈ കണ്ടെത്തലുകളിലേക്ക് എത്തി ചേർന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് അവയുടെ പ്രതികരണം തിരിച്ചറിയാനായി അവയ്ക്ക് നൽകുന്ന ഭക്ഷണത്തിൽ ഏറ്റക്കുറച്ചിലുകൾ വരുത്തി. തുടർന്ന് അവയുടെ പരസ്പരമുള്ള ഇടപെടലുകൾ നീരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ ചിത്രീകരിച്ച 18,000 ഫോട്ടോകൾ ഇമേജറി സോഫ്റ്റ്‍വെയറിൻറെ സഹായത്തോടെ ഗവേഷകർ വിശകലനം ചെയ്തു. ഓരോ വൈകാരികവേളയിലും കോഴികളുടെ മുഖത്തെ ചുവപ്പ് നിറത്തിലുണ്ടാകുന്ന വ്യത്യാസം രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *