Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: കനത്ത ചൂടിലും ആവേശം ചോരാതെ കേരളം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ൽ നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. ചൂടിനെയും വേനൽമഴയെയും വക‍ഞ്ഞുമാറ്റിയുള്ള തെരഞ്ഞെടുപ്പ് ആവേശം കലാശക്കെട്ടിലും കണ്ടിരുന്നു. സംസ്ഥാനത്തെ അതികഠിനമായ ഉഷ്‌ണ കാലാവസ്ഥയിൽ ഇത്തവണ എന്താകും പോളിംഗ് ശതമാനം.

കേരളം കഴിഞ്ഞ 30 വർഷത്തിനിടെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം കാഴ്‌ചവെച്ച ലോക്‌സഭ തെരഞ്ഞെടുപ്പായിരുന്നു 2019ലേത്. പല മണ്ഡലങ്ങളിലും 80 ശതമാനത്തിലധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോൾ സംസ്ഥാനത്താകെ 77.84% പോളിംഗ് രേഖപ്പെടുത്തി. മുൻ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാൾ 3.95 ശതമാനം അധികമായിരുന്നു ഇത്. കാസർകോട്, കോഴിക്കോട്, വടകര, കണ്ണൂർ എന്നിങ്ങനെ വടക്കൻ ലോക്‌സഭ മണ്ഡലങ്ങളിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. തെക്കൻ കേരളത്തിൽ ആലപ്പുഴയിലേ പോളിംഗ് 80 ശതമാനം കടന്നുള്ളൂ.

ഇക്കുറി കനത്ത ചൂടിനിടെയാണ് സംസ്ഥാനം പോളിംഗ് ബൂത്തിലെത്തുന്നത്. രാജ്യത്തെ ആദ്യഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിൽ നാല് ശതമാനത്തോളം പോളിംഗ് കുറവ് രേഖപ്പെടുത്തിയിരുന്നു. ഉഷ്‌ണതരംഗം ഇതിനൊരു കാരണമായതായി വിലയിരുത്തപ്പെടുന്നു. അതേസമയം കേരളത്തിൽ ശക്തമായ പ്രചാരണം മൂന്ന് മുന്നണികളും നടത്തിയെന്നതിനാൽ പോളിംഗ് ശതമാനം കുറയില്ല എന്നാണ് കരുത്തപ്പെടുന്നത്. ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലും യുഡിഎഫ്-എൽഡിഎഫ് മത്സരം ശക്തമായ ഇടങ്ങളിലും പോളിംഗ് ഉയർന്നുതന്നെ തുടരുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

പാലക്കാട് ജില്ലയിൽ ഉഷ്‌ണ തരംഗത്തിന് സാധ്യതയുണ്ടെന്നും 11 ജില്ലകളിൽ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയായിരിക്കും. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *