Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിഷേധം. ദില്ലി സർവകലാശാലയിലെ നിയമ വിദ്യാർത്ഥികളാണ് പ്രതിഷേധം നടത്തിയത്. പത്ത് വർഷമായി അനാരോഗ്യത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച കമ്മീഷന്റെ വേർപാട് ദു:ഖത്തോടെ അറിയിക്കുന്നുവെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനൊപ്പം പുതുതായി നിയമിതരായ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ ചിത്രങ്ങളും ഒരു പോസ്റ്ററിൽ ഉണ്ടായിരുന്നു.

എക്‌സിൽ പോസ്റ്റ് ചെയ്ത പോസ്റ്ററുകൾ അതിവേഗം തന്നെ വൈറലായി മാറുകയും ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ രാമക്ഷേത്ര പരാമർശത്തിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഗുരു ഗ്രന്ഥസാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയതിലും പെരുമാറ്റച്ചട്ട ലംഘനമില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കമ്മീഷൻ നിലപാടെടുത്തത്. പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ.

രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലീങ്ങൾക്കെതിരായ പരാമർശം സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണനക്കെടുത്തില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിൻറെ സമ്പത്ത് മുഴുവൻ മുസ്ലീംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്.

കോൺഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓർമ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന നൽകുക മുസ്ലീംങ്ങൾക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടേയും സ്വർണ്ണത്തിൻറെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങൾക്ക് നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *