Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമർശങ്ങളെ വിമർശിച്ച നേതാവിനെ പുറത്താക്കി ബി.ജെ.പി. ബികാനേർ ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ലാ അധ്യക്ഷൻ ഉസ്മാൻ ഘാനിയെയാണ് പാർട്ടി പുറത്താക്കിയത്. ഘാനിയുടെ പരാമർശം പാർട്ടിയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ രാജസ്ഥാനിലെ 25 സീറ്റിൽ മൂന്നോ നാലോ സീറ്റിൽ ബി.ജെ.പി പരാജയപ്പെടുമെന്ന് ഘാനി പറഞ്ഞിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിക്കിടെ മുസ്ലിങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങളെയും അദ്ദേഹം അപലപിച്ചു. ഒരു മുസ്ലിം മതസ്ഥനെന്ന നിലയിൽ മോദിയുടെ വാക്കുകൾ തന്നെ വേദനിപ്പിച്ചുവെന്നും താൻ വോട്ട് ചോദിക്കാൻ മുസ്ലിം വിഭാ​ഗക്കാരെ സമീപിക്കുമ്പോൾ മോദിയുടെ വിദ്വേഷ പരാമർശങ്ങളെ കുറിച്ചാണ് അവർ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ താൻ പറയുന്ന കാര്യങ്ങളെ ചൂണ്ടിക്കാട്ടി പാർട്ടി നടപടി സ്വീകരിച്ചാലും തനിക്ക് ഭയമില്ലെന്നും ഘാനി വ്യക്തമാക്കിയിരുന്നു.

ഘാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹം പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അച്ചടക്ക് സമിതി ചെയർമാൻ ഓെകാർ സിങ് ലഖാവത് രം​ഗത്തെത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *