Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 225 റൺസ് വിജയലക്ഷ്യം. വെടിക്കെട്ട് അർധ സെഞ്ച്വറി നേടിയ നായകൻ ഋഷഭ് പന്തിന്റെയും (88*) അക്സർ പട്ടേലിന്റെയും(66) ബലത്തിലാണ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തത്. 43 പന്തുകൾ നേരിട്ട പന്ത് നാല് സിക്സും അഞ്ചു ഫോറുമുൾപ്പെടെ 88 റൺസെടുത്ത് പുറത്താകാതെ നിന്നു. ടൈറ്റൻസിന് വേണ്ടി തമിഴ്നാടിന്റെ മലയാളി താരം സന്ദീപ് വാര്യർ മൂന്ന് വിക്കറ്റെടുത്തു.

സ്വന്തം തട്ടകത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി വെടിക്കെട്ട് ഓപണർ ഫ്രേസർ മാക്ഗർക് തകർത്തടിച്ച് തുടങ്ങിയെങ്കിലും സന്ദീപ് വാര്യർ എറിഞ്ഞ നാലാമത്തെ ഓവറിൽ നൂർ അഹമ്മദിന് ക്യാച്ച് നൽകി മടങ്ങി. 14 പന്തുകൾ നേരിട്ട മാക്ഗർക് രണ്ടു സിക്സും രണ്ടു ഫോറും ഉൾപ്പെടെ 23 റൺസെടുത്തു. അതേ ഓവറിൽ തന്നെ സഹ ഓപണർ പ്രത്വി ഷായും (11) മടങ്ങിയതോടെ പ്രതിരോധത്തിലായി.

മൂന്നാമനായെത്തിയ അക്സർ പട്ടേൽ താളം കണ്ടെത്തിയതോടെ സ്കോറിന് വേഗം കൂടി. സന്ദീപ് വാര്യരുടെ ആറാമത്തെ ഓവറിൽ ഷായ് ഹോപ് (5) റാഷിദ് ഖാന് ക്യാച്ച് നൽകി മടങ്ങി. മൂന്നിന് 44 റൺസ് എന്ന നിലയിൽ പരുങ്ങിയ ഡൽഹിയെ അക്സർ പട്ടേലും നായകൻ ഋഷഭ് പന്തും ചേർന്ന് കരകയറ്റി. ഇരുവരും ചേർന്ന് തകർത്തടിച്ചതോടെ സ്കോർ 16 ഓവറിൽ 150 കടന്നു.

66 റൺസെടുത്ത അക്സർ പട്ടേലിനെ നൂർ അഹമ്മദിന്റെ പന്തിൽ സായ് കിഷോർ പിടിച്ച് പുറത്താക്കി. 43 പന്തുകൾ നേരിട്ട അക്സർ പട്ടേൽ നാല് സിക്സും അഞ്ചു ഫോറും ഉൾപ്പെടെ 66 റൺസെടുത്തു. അവസാന ഓവറുകളിൽ ഋഷഭ് പന്തും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് നടത്തിയ വെടിക്കെട്ട് പ്രകടനം ഡൽഹിയെ അപ്രതീക്ഷിത ടോട്ടലിലെത്തിച്ചു.

ഗുജറാത്ത് ടൈറ്റൻസിന്റെ അവസാന രണ്ടു ഓവറിൽ മാത്രം നേടിയത് 53 റൺസാണ്. സായ് കിഷോർ എറിഞ്ഞ 19ാമത്തെ ഓവറിൽ 22 റൺസും മോഹിത് ശർമ എറിഞ്ഞ അവസാനത്തെ ഓവറിൽ 31 റൺസുമാണ് നേടിയത്. മോഹിതിന്റെ ഓവറിൽ ഋഷഭ് പന്ത് നാല് സിക്സും രണ്ടു ഫോറുമാണ് നേടിയത്. നാല് ഓവറിൽ വിക്കറ്റൊന്നുമില്ലാതെ 73 റൺസാണ് മോഹിത് വിട്ടുകൊടുത്തത്. 43 പന്തുകൾ നേരിട്ട പന്ത് നാല് സിക്സും അഞ്ചു ഫോറുമുൾപ്പെടെ 88 റൺസെടുത്തു. എഴു പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 26 റൺസെടുത്ത സ്റ്റബ്സ് പുറത്താകാതെ നിന്നു.

 

Leave a Reply

Your email address will not be published. Required fields are marked *