Your Image Description Your Image Description
Your Image Alt Text

ഗാസ ∙ രാജ്യാന്തര സമ്മർദം ശക്തമാകുമ്പോഴും ഉടൻ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേൽ സൂചന നൽകി. യുദ്ധം അവസാനിപ്പിക്കാൻ മാജിക്കോ കുറുക്കുവഴികളോ ഇല്ലെന്നും ഹമാസിനെ തുടച്ചുനീക്കാനുള്ള പോരാട്ടം മാസങ്ങൾ നീളുമെന്നും ഇസ്രയേൽ സേനാ മേധാവി ഹെർസി ഹലേവി പറഞ്ഞു.

ഇതേസമയം, ഖാൻ യൂനിസിൽ ഹമാസ് ശക്തമായ ചെറുത്തുനിൽപ് തുടരുന്നു. ഇസ്രയേലിന്റെ 4 ബുൾഡോസറും ടാങ്കും തകർത്ത ഹമാസ്, 3 ഇസ്രയേൽ സൈനികരെ വധിച്ചു. 24 മണിക്കൂറിനുള്ളിൽ ഗാസയിൽ 195 പേർ കൊല്ലപ്പെട്ടു.

ഗാസയിലെ ആശുപത്രികൾ ചോരയിൽ കുളിച്ച അവസ്ഥയിലാണെന്ന് ലോകാരോഗ്യസംഘടനയുടെ മെഡിക്കൽ കോ ഓഡിനേറ്റർ സീൻ കാസി വിശേഷിപ്പിച്ചു. ക്രിസ്മസ് ദിവസം മാത്രം നൂറോളം പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫിസ് പറഞ്ഞു.

ഗാസ, വെസ്റ്റ് ബാങ്ക്, ലബനൻ, സിറിയ, ഇറാഖ്, ഇറാൻ, യെമൻ എന്നിവിടങ്ങളിൽ നിന്ന് ആക്രമണം നേരിടുന്നതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇതിൽ ആറിടത്തും തിരിച്ചടി നൽകുന്നതായും വ്യക്തമാക്കി. മേഖലയിൽ സമാധാനം സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികൾ ഖത്തർ രാജാവ് ഷെയ്ഖ് തമിം ബിൻ ഹമദ് അൽത്താനിയെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചർച്ച ചെയ്തു.

∙ യുദ്ധാനന്തരം ഗാസയുടെ ഭരണവും സുരക്ഷയും സംബന്ധിച്ച് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേശകൻ ജെയ്ക് സള്ളിവനും ഇസ്രയേൽ സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമറും വാഷിങ്ടനിൽ ചർച്ച നടത്തി.

∙ ഗാസയിൽ തുടരാനാണ് ഇസ്രയേലിന്റെ ശ്രമമെന്നു പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആരോപിച്ചു

∙ വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാംപുകളിലേക്ക് ഇരച്ചുകയറി ഇസ്രയേൽ സൈന്യം നടത്തിയ പരിശോധനയ്ക്കിടെ 6 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം.

∙ ഗാസയിലെ സഹായങ്ങൾ ഏകോപിപ്പിക്കാൻ യുഎൻ പ്രതിനിധിയെ നിയോഗിച്ചു.

∙ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല അംഗമടക്കം 4 പേർ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *