Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗർഭിണികൾ, ശിശുക്കൾ, 5 വയസിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവർക്ക് മലമ്പനി ബാധിച്ചാൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. മലമ്പനി ചികിത്സിച്ചില്ലെങ്കിൽ ഗർഭാവസ്ഥയിൽ ഗുരുതരമായ അനീമിയ, മാതൃമരണം, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവുള്ള കുഞ്ഞുങ്ങൾ ഉണ്ടാകുക എന്നിവയ്ക്ക് കാരണമാകും. മലമ്പനിയ്ക്ക് കൃത്യമായ ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗ ലക്ഷണങ്ങൾ കണ്ട് എത്രയും വേഗം ചികിത്സ തേടിയാൽ മലമ്പനി പൂർണമായും ഭേദമാക്കാൻ കഴിയും. സംസ്ഥാനത്ത് മലേറിയ നിർമ്മാർജനത്തിനായി ഊർജിത പരിപാടികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും ഏപ്രിൽ 25നാണ് ലോക മലമ്പനി ദിനമായി ആചരിച്ചു വരുന്നത്. മലമ്പനിയെ നിയന്ത്രിക്കാനും തുടച്ചുനീക്കാനുമുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ‘കൂടുതൽ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം’ എന്നതാണ് ഈ വർഷത്തെ ലോക മലമ്പനി ദിനാചരണ സന്ദേശമെന്ന് മന്ത്രി പറഞ്ഞു. അനോഫിലിസ് വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ് മലമ്പനി പരത്തുന്നത്. കൊതുക് കടിയേൽക്കുന്നത് വഴിയും മലമ്പനിയുള്ള രോഗിയുടെ രക്തം സ്വീകരിക്കുന്നത് വഴിയും ചുരുക്കം സന്ദർഭങ്ങളിൽ ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്കും മലമ്പനി പകരുന്നു.

പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവർത്തിക്കുക, മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.

കൊതുക് കടിയേൽക്കാതെ സ്വയം സംരക്ഷണമൊരുക്കിയാൽ മലമ്പനിയിൽ നിന്നും രക്ഷനേടാവുന്നതാണ്. ഇടവിട്ട് മഴയുള്ളതിനാൽ മലമ്പനിയുൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. കൊതുക് കടിയേൽക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങൾ എന്നിവ ഉപയോഗിക്കുക. പനിയുള്ളവർ കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *