Your Image Description Your Image Description

ലഹോർ ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിശ്വസ്തനും മുൻ വിദേശകാര്യമന്ത്രിയുമായ ഷാ മഹ്മൂദ് ഖുറേഷിയെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. സൈഫർ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ഖുറേഷിയെ റാവൽപിണ്ടിയിലെ അഡിയാല ജയിലിനു മുന്നിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഖുറേഷിയെ ഉന്തുകയും പൊലീസ് വാനിൽ തള്ളിക്കയറ്റുകയും ചെയ്തു. ഫെബ്രുവരി 8ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയ സംഭവവികാസങ്ങൾ.

യുഎസിലെ പാക്ക് അംബാസഡർ അയച്ച ഔദ്യോഗിക സന്ദേശം പ്രധാനമന്ത്രിസ്ഥാനത്തു നിന്നു പുറത്താകുന്നതിനു തൊട്ടുമുൻപ് പാർട്ടി റാലിയിൽ ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് സൈഫർ കേസ്. ഈ കേസിൽ വെള്ളിയാഴ്ച ഇമ്രാനും ഖുറേഷിക്കും (67) ജാമ്യം നൽകിയ സുപ്രീം കോടതി 10 ലക്ഷം രൂപ കെട്ടിവയ്ക്കാൻ ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. ഖുറേഷിയുടെ ബന്ധുക്കൾ ജാമ്യത്തുക ഒടുക്കി വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനിടയിലാണ് പൊലീസ് 15 ദിവസത്തെ കരുതൽ തടങ്കലിലാക്കിയത്.

ജാമ്യം ലഭിച്ചെങ്കിലും തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ഇമ്രാൻ ഇപ്പോഴും ജയിലിലാണ്.

ഖുറേഷിയെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി പുറത്തുവിട്ടു. പാർട്ടിയുടെ വൈസ് ചെയർമാൻ കൂടിയാണ് ഖുറേഷി. തിരഞ്ഞെടുപ്പു കമ്മിഷനെയും ഹൈക്കോടതിയെയും സമീപിക്കുമെന്ന് പാർട്ടി ചെയർമാൻ ഗോഹർ അലി ഖാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *