Your Image Description Your Image Description
Your Image Alt Text

 

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. ക്യാപ്റ്റന്‍സി, വിക്കറ്റ് കീപ്പിംഗ്, ബാറ്റിംഗ് എല്ലാം എടുത്തു നോക്കിയാലും ഒന്നിനൊന്ന് മെച്ചം. രാജസ്ഥാന്‍ എട്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്. ടീം പോയിന്റ് പട്ടികയില്‍ ഒന്നാമതുണ്ട്. എട്ട് മത്സരങ്ങളില്‍ 62.80 ശരാശരിയില്‍ 314 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 152.43 സ്ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. ടി20 ലോകകപ്പ് അടുത്തിരിക്കെ സഞ്ജുവിന്റെ പ്രകടനം സെലക്റ്റര്‍മാരുടെ കണ്ണ് തുറപ്പിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇപ്പോഴില്ലെങ്കില്‍ പിന്നെ എപ്പോഴാണ് സഞ്ജുവിനെ കളിപ്പിക്കുകയെന്നതാണ് പ്രധാന ചോദ്യം. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അധികമാരും സംസാരിച്ച് കണ്ടിട്ടില്ല. ഏഴ് മത്സരങ്ങളില്‍ രാജസ്ഥാന്‍ ജയിക്കുമ്പോഴും സഞ്ജുവിന്റെ ക്യാപ്റ്റന്‍സി അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. മറ്റ് ഏതെങ്കിലും ഒരു ക്യാപ്റ്റനാണെങ്കില്‍ പുകഴ്ത്തലൊഴിഞ്ഞ് നേരം കാണില്ല. മാച്ച് ഏത് സ്റ്റേജിലാണ് ഉള്ളതെന്ന് സഞ്ജുവിന്റെ ബോഡി ലാംഗ്വേജോ എക്‌സ്പ്രഷനോ കണ്ട് ക്രിക്കറ്റ് ആരാധകര്‍ക്ക് മനസിലാക്കാന്‍ സാധിക്കില്ല. സഞ്ജുവിന്റെ ശാന്തതയും സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാനുള്ള കഴിവും എം എസ് ധോണിയെ ഓര്‍പ്പിക്കുന്നുവെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.

ഇനി ബാറ്റിംഗ് പ്രകടനത്തിലേക്ക് വരാം. സ്ഥിരതയില്ലന്ന് സഞ്ജു സാംസണെ വിമര്‍ശിക്കാറുണ്ടായിരുന്നു പലരും. ഈ ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രകടനം വിരാട് കോലിയുമായി താരതമ്യപ്പെടുത്താന്‍ കഴിയുന്നതാണെന്ന് പറഞ്ഞാല്‍, അത് തള്ളിക്കളയാനാവില്ല. ടോപ് സ്‌കോറര്‍ ലിസ്റ്റില്‍ ഒന്നാമതുള്ള കോലിക്ക് സഞ്ജുവിനെക്കാള്‍ 65 റണ്‍ ആണ് കൂടുതലുള്ളത്. കോലി 379, സഞ്ജു 314. ബാറ്റിങ്ങ് ആവറേജിലേക്ക് വന്നാല്‍ കോലി 63.17, സഞ്ജു 62.80. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യമെടുത്താല്‍ കോലി 150.39, സഞ്ജു 152.42. ഇന്ത്യയുടെ ബെസ്റ്റ് ബാറ്ററോട് മുട്ടിനില്‍ക്കാന്‍ പറ്റുന്ന രീതിയിലാണ് സീസണില്‍ സഞ്ജുവിന്റെ പ്രകടനം.

സഞ്ജുവിന്റെ തകര്‍പ്പ സ്റ്റംപിംഗുകളെ കുറിച്ച് ആരും സംസാരിക്കാരില്ല. ഫീല്‍ഡില്‍ അയാളെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കില്ല. എന്നാല്‍ ടീമിനു വേണ്ടി 100% നല്‍കുന്ന അയാളുടെ ബാറ്റിങ്ങിനെ പരാമര്‍ശിക്കില്ല. പക്ഷേ, ഒന്നുണ്ട്. ഒരു കളിയിലൊന്ന് മങ്ങിയാല്‍ അപ്പൊ കണ്‍സിസ്റ്റന്‍സിയും എഴുന്നള്ളിച്ച് ഇതുവഴി വരും. കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്, അതും ലെജന്‍ഡുകളോട് തട്ടിച്ചു നോക്കാന്‍ കഴിയുന്ന പെര്‍ഫോമന്‍സ് നടത്തിയിട്ടും അര്‍ഹിക്കുന്ന കയ്യടികള്‍, അത് സ്വന്തം നാട്ടില്‍ നിന്ന് പോലും കിട്ടുന്നുണ്ടെന്നും തോന്നുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *