Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ ഉറച്ച് ദല്ലാൾ ടി ജി നന്ദകുമാ‍ർ. അനിൽ നിയമനത്തിനായി ഇടപെട്ട സിബിഐ സ്റ്റാന്റിങ് കൗൺസിലിന്റെ ഇന്റർവ്യൂ കോൾ ലെറ്റർ പകർപ്പ് കൈയ്യിലുണ്ടെന്നും തനിക്ക് അനിൽ തന്ന വിസ്റ്റിങ് കാർഡുണ്ടെന്നും നന്ദകുമാർ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്റ്റാന്റിങ് കൗൺസിൽ ഇന്റർവ്യൂ കോൾ ലെറ്ററും ഫോൺ രേഖകളും ചില ഫോട്ടോകളും നന്ദകുമാ‍ർ പുറത്ത് വിട്ടു. ആൻ്റൂസ് ആൻ്റണിയാണ് അനിൽ ആൻ്റണിയുടെ പുതിയ ദല്ലാളെന്ന് മോദിയും ആൻ്റൂസ് ആൻ്റണിയും അനിൽ ആന്റണിയും ചേർന്നുളള ഫോട്ടോ പുറത്ത് വിട്ട് നന്ദകുമാർ പറ‌‍ഞ്ഞു.

അനിൽ വഴി സിബിഐ സ്റ്റാന്റിങ് കൗൺസിൽ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ എത്തിക്കാനായിരുന്നു ശ്രമം. കേരള ഹൈക്കോടതിയിൽ നിയമിക്കാൻ ആയിരുന്നു ശ്രമിച്ചത്. പക്ഷെ സിബിഐ ഡയറക്ടർ മറ്റൊരാളെ വെച്ചു. അനിൽ ആന്റണി 25 ലക്ഷം രൂപയാണ് പണമായി തന്റെ കയ്യിൽ നിന്നും വാങ്ങിയത്. കാര്യം നടക്കാതായതോടെ ഈ തുക തിരികെ ആവശ്യപ്പെട്ടു. അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസും പിജെ കുര്യനുമാണ് ഇടനില നിന്നത്. അഞ്ച് ഗഡുക്കളായാണ് പണം തിരികെ നൽകിയത്. നാല് ഗഡു തന്ന ശേഷം അഞ്ചാമത്തെ ഗഡു തരാനാകില്ലെന്നും അത് പുതിയ ഇടനിലക്കാരനായ ആൻ്റൂസ് ആന്റണിക്ക് നൽകിയ തുകയാണെന്നും പറഞ്ഞു. എന്നാൽ അത് തനിക്കറിയേണ്ടെന്നും തന്റെ 25 ലക്ഷവും തിരികെ തരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് 25 ലക്ഷവും തിരികെ തന്നതെന്നും നന്ദകുമാർ പറഞ്ഞു.

ശോഭാ സുരേന്ദ്രൻ 10 ലക്ഷം അക്കൗണ്ട് വഴി വാങ്ങി

ശോഭാ സുരേന്ദ്രന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ നൽകിയിരുന്നു. 4-1- 23 ന് ആണ് ശോഭാ സുരേന്ദ്രൻ പണം വാങ്ങിയത്. ഭൂമി ഇടപാടിന് കരാർ ഉണ്ടായിരുന്നില്ല. അക്കൗണ്ട് വഴിയാണ് തുക നൽകിയത്. ഈ പണം തരാമെന്ന് പറഞ്ഞല്ലാതെ തിരികെ നൽകിയിട്ടില്ലെന്നും ദല്ലാൾ നനന്ദകുമാർ വ്യക്തമാക്കി. ശോഭ നേരിട്ട് വിളിച്ചാണ് ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. ശോഭയുമായി നല്ല ബന്ധമുണ്ടായിരുന്നു. ശോഭയ്ക്ക് ഒപ്പമുള്ളവർ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശോഭാ സുരേന്ദ്രൻ പോണ്ടിച്ചേരി ഗവർണറാകാൻ ശ്രമം നടത്തിയിരുന്നു.

താൻ ഒരു പാർട്ടിയുടെയും ആളല്ല. തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിന് സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. അദ്ദേഹം കൈപ്പറ്റിയിട്ടുമുണ്ട്. അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. എൻഡിഎയോ ഇന്ത്യാ മുന്നണിയോ, ഏത് സർക്കാർ വന്നാലും ഇതിൽ അന്വേഷണം ഉണ്ടാകും. തനിക്കെതിരെയും അന്വേഷിക്കുമെന്ന് അറിയാം. ആരോപണങ്ങൾ എല്ലാം ഉന്നയിക്കുന്നത് ഉത്തരവാദിത്വത്തോടെയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പിനുള്ള പണം കേരളത്തിലേക്ക് എത്തിയിട്ടില്ല. 100 കോടി രൂപയാണ് കേരളത്തിലേക്ക് അയച്ചത്. കേസ് വന്നാൽ താൻ പ്രതിയാകുമെന്ന് അറിഞ്ഞ് തന്നെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും നന്ദകുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *