Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ 20 വർഷം തടവിന് ശിക്ഷിച്ച് സിങ്കപ്പൂർ കോടതി. കൃഷ്ണൻ (40) എന്നയാളാണ് കാമുകിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. 2019 ജനുവരി 17 നാണ് കേസിന്നാസ്പദമായ സംഭവം. 40 കാരിയായ മല്ലിക ബീഗം റഹമാൻസ അബ്ദുൾ റഹ്മാനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ തന്നെ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

വിചാരണക്കിടെ കൃഷ്ണ ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ചതായി ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൃഷ്ണൻ്റെ ഇടയ്ക്കിടെയുള്ള അക്രമാസക്തമായ പ്രവർത്തനങ്ങൾക്ക് മദ്യപാനം സ്വാധീനിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. സാമൂഹികമായി അസ്വീകാര്യമായ രീതിയിലാണ് തൻ്റെ പ്രവൃത്തിയെന്ന് ഇയാൾക്ക് അറിയാമായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനം കാണാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ജഡ്ജി കൃഷ്ണനെ 20 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. കുറ്റകരമായ നരഹത്യയ്ക്ക്, സിങ്കപ്പൂരിൽ പരമാവധി ശിക്ഷ ജീവപര്യന്തം തടവും ചൂരൽ പ്രയോ​ഗവും അല്ലെങ്കിൽ 20 വർഷം വരെ തടവും പിഴയും ചൂരൽ പ്രയോ​ഗവുമാണ്.

2017ലാണ് ഇരുവരും പ്രണയ ബന്ധത്തിലാവുന്നത്. പിന്നീട് നിരവധി തവണ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. മല്ലികയെ ഇയാൾ നിരവധി തവണ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഇവർ പലപ്പോഴായി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുമുണ്ട്. മല്ലികയ്ക്ക് മറ്റു പുരുഷൻമാരുമായി ബന്ധമുണ്ടായിരുന്നതിൽ ഇയാൾ അസ്വസ്ഥനുമായിരുന്നു. മർദിക്കുകയും മുഖത്ത് ചവിട്ടുകയുമുൾപ്പെടെ ചെയ്തതിനെ തുടർന്ന് യുവതി ബോധരഹിതയാവുകയായിരുന്നു. തുടർന്ന് മല്ലിക മരിച്ചതായി കൃഷ്ണൻ തന്നെയാണ് പൊലീസിൽ അറിയിക്കുന്നത്. പിന്നീട് കുറ്റം സമ്മതിച്ച് പൊലീസിൽ കീഴടങ്ങി. തലയോട്ടിയിലും കഴുത്തിൻ്റെ പിൻഭാഗത്തും മുഖത്തും ശരീരത്തിനുചുറ്റും നിരവധി ചതവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്ക് ക്ഷതമേറ്റതാണ് മല്ലികയുടെ മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *