Your Image Description Your Image Description
Your Image Alt Text

 

ഭൂമിയിൽ കാണപ്പെടുന്ന ഏറ്റവും അപകടകാരികളായ ജീവികളുടെ കൂട്ടത്തിൽപ്പെടുന്ന ഒന്നാണ് പാമ്പുകൾ. പാമ്പുകളിൽ അപകടകാരികളായവയും അല്ലാത്തവയും ഉണ്ടെങ്കിലും പൊതുവിൽ പാമ്പുകളെ ഭയപ്പെടാത്തവർ വിരളമാണ്. എന്നാൽ, നമ്മുടെ ഈ ഭൂമിയിൽ പാമ്പുകളില്ലാത്ത ചുരുക്കം ചില രാജ്യങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? അതിൽ ഒന്നാണ് ന്യൂസിലാൻഡ്. ഇതിന് പിന്നിലെ കാരണങ്ങൾ വളരെ കൗതുകകരമാണ്.

ന്യൂസിലാൻഡിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് അതിൽ ഒന്ന്. ദക്ഷിണധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന് ചുറ്റും കടലാണ്. റിപ്പോർട്ട് അനുസരിച്ച്, ഇഴജന്തുക്കൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകാത്തവിധം രാജ്യത്തിൻ്റെ ഭൂപ്രദേശം വളരെ അകലെയാണ്. ഇനി ആരെങ്കിലും പാമ്പുകളെ ഇവിടേയ്ക്ക് മറ്റേതെങ്കിലും മാർ​ഗത്തിലൂടെ ക‌ടത്തിക്കൊണ്ടുവരാമെന്ന് വെച്ചാൽ, അതും നടക്കില്ല. കാരണം രാജ്യത്തെ നിയമങ്ങൾ പാമ്പിനെ വളർത്തുമൃഗമായി വളർത്തുന്നതിനോ വിദേശത്ത് നിന്ന് കൊണ്ടുവരുന്നതിനോ പോലും പൗരന്മാരെ വിലക്കുന്നതാണ്.

പാമ്പുകൾ വേട്ടയാടുന്ന മൃഗങ്ങളായതിനാൽ ഇവിടെയുള്ള മറ്റ് മൃഗങ്ങൾക്ക് ഭീഷണിയാകാമെന്നതിനാലാണ് പാമ്പുകൾക്ക് ഇവിടെ നോ എൻട്രി ആയിരിക്കുന്നത്. രാജ്യത്ത് തദ്ദേശീയ മൃഗങ്ങളുടെയും പക്ഷികളുടെയും സുരക്ഷ കണക്കിലെടുത്താണ് പാമ്പുകളെ ഇവിടേക്ക് പ്രവേശിപ്പിക്കാത്തത്. ന്യൂസിലൻഡിലെ മൃഗശാലകളിൽ പോലും ഒരു പാമ്പിനെ കണ്ടെത്താൻ കഴിയില്ല എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

പാമ്പുകളില്ലാത്ത മറ്റൊരു രാജ്യം അയർലൻഡാണ്. രാജ്യത്തിൻ്റെ രക്ഷാധികാരിയായ വിശുദ്ധ പാട്രിക് ആണ് ഇവിടുത്തെ എല്ലാ പാമ്പുകളേയും കൊന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഐതിഹ്യമനുസരിച്ച്, വിശുദ്ധൻ 40 ദിവസത്തെ ഉപവാസം അനുഷ്ഠിക്കുമ്പോൾ പാമ്പുകളുടെ ആക്രമണത്തിന് ഇരയായി. തുടർന്ന് പാമ്പുകളെ ഒന്നാകെ അദ്ദേഹം കടലിലേക്ക് ഓടിച്ചുവെന്നാണ് പറയപ്പെടുന്നത്.
എന്നാൽ, അയർലൻഡിൽ ഒരിക്കലും പാമ്പുകൾ ഉണ്ടായിരുന്നില്ലെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. കാരണം ഇവിടെ നിന്ന് ഇതുവരെയും പാമ്പുകളുടെ ഒരു ഫോസിൽ പോലും കണ്ടെത്തിയിട്ടില്ല. പറയപ്പെടുന്ന മറ്റൊരു കാര്യം ഇവിടെ ഉണ്ടായിരുന്ന പാമ്പുകൾക്ക് കടുത്ത തണുപ്പിനെ അതിജീവിക്കാനാകാതെ വംശനാശം സംഭവിച്ചു എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *