Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: കെപിസിസി യോഗത്തിൽ എം കെ രാഘവൻ തനിക്കെതിരെ വിമർശനം നടത്തിയെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് ടി.സിദ്ദീഖ്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് പാർട്ടിക്കുള്ളിൽ കലാപം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്ന് സിദ്ദീഖ് ആരോപിച്ചു.ചേവായൂർ ബാങ്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പാർട്ടിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചിലർ പാർട്ടിയിൽ നിന്ന് രാജി വച്ചത്. ഇതിൻറെ തനിക്കെതിരെ രാഘവൻ വിമർശനം ഉന്നയിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സിദ്ദീഖ് പറഞ്ഞു. അതേസമയം, നിർണായകഘട്ടത്തിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന ചിലരുടെ പരസ്യ നിലപാടും രാജിയും പ്രതിസന്ധി സൃഷ്ടിച്ചതായി എം കെ രാഘവൻ ഫെയ്സ് ബുക്കിൽ ആരോപിച്ചു. ഇത്താരക്കാർക്കെതിരെ കെപിസിസി അന്വേഷണം നടത്തണമെന്നും രാഘവൻ ആവശ്യപ്പെട്ടു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന കെപിസിസി നേതൃയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പിൻറെ നിർണായക ഘട്ടത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെ കുറിച്ച് എംകെ രാഘവൻ തുറന്നുപറഞ്ഞത്. തെരഞ്ഞെടുപ്പിന് ആറു ദിവസം മാത്രം ബാക്കി നൽകി കെപിസിസി അംഗം കെ വി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ 53 പേർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു നടത്തിയ വാർത്താ സമ്മേളനം വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി എംകെ രാഘവൻ പറഞ്ഞു. ചേവായൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു രാജിയിലേക്ക് നയിച്ചതെങ്കിലും ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാവിന്റെ പിന്തുണയുള്ള സംഘമാണിതെന്ന വിമർശനം ഉയർന്നിരുന്നു. ഈ സംഘത്തിൻറെ തായ് വേര് അറുക്കണം എന്നുകൂടി രാഘവൻ യോഗത്തിൽ പറഞ്ഞു വെച്ചതോടെ ഈ സൂചന സിദ്ദിഖിനെക്കുറിച്ചാണെന്ന വ്യാഖ്യാനങ്ങളും പുറത്തുവന്നു. ഇക്കാര്യം നിഷേധിച്ചാണ് സിദ്ദീഖ് ഇന്ന് കോഴിക്കോട് വാർത്താ സമ്മേളനം നടത്തിയത്.

അതേസമയം മാധ്യമങ്ങളിൽ വന്ന പല വാർത്തകളും തെറ്റെന്ന് വിശദീകരിച്ച എംകെ രാഘവൻ, തെരഞ്ഞെടുപ്പിൻറെ നിർണായക ഘട്ടത്തിൽ വാർത്താസമ്മേളനം വിളിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയവർക്കെതിരെ നടപടി വേണമെന്ന കാര്യം താൻ ആവശ്യപ്പെട്ടതായി ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് യൂത്ത് കോൺഗ്രസിന്റെ സാന്നിധ്യം ശുഷ്കമായെന്ന വിമർശനവും രാഘവൻ കെപിസിസി യോഗത്തിൽ ഉന്നയിച്ചിരുന്നു. ജില്ലയിലെ യൂത്ത് കോൺഗ്രസിന്റെ ഭാരവാഹികൾ പലരും ഷാഫി പറമ്പിലിന്റെ പ്രചാരണത്തിനായി വടകരയിലേക്ക് പോയതും രാഘവനെ ചൊടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *