Your Image Description Your Image Description
Your Image Alt Text

 

മുംബൈ: ടി20 ലോകകപ്പിനുശേഷം രോഹിത് ശർമ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാൽ ആരാകും പകരം ക്യാപ്റ്റനാവുക എന്ന ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഹാർദ്ദിക് പാണ്ഡ്യയാകും വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റനാവുക എന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തലുകളെങ്കിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായി തിളങ്ങാനാവാഞ്ഞതോടെ ഹാർദ്ദിക്കിൻറെ സാദ്യതകൾക്ക് മങ്ങലേറ്റിട്ടുണ്ട്. കെ എൽ രാഹുൽ, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവരാണ് മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാവാൻ സാധ്യതയുള്ള മറ്റ് താരങ്ങളായി പരിഗണിക്കുന്നത്.

എന്നാൽ ഇന്ത്യൻ ക്രിക്കറ്റിലെ രോഹിത് ശർമ യുഗത്തിനുശേഷം ക്യാപ്റ്റൻ സ്ഥാനത്തേക്ക് സർപ്രൈസ് പേര് നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. മറ്റാരുമല്ല, ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിൻറെ നായകനായ ശുഭ്മാൻ ഗില്ലിനെയാണ് റെയ്ന ഭാവിയിൽ ഇന്ത്യൻ നായകനായി കാണുന്നത്. ആദ്യമായി ഐപിഎല്ലിൽ ക്യാപ്റ്റനായ ഗില്ലിന് ഏഴ് കളികളിൽ മൂന്ന് ജയങ്ങൾ മാത്രമെ നേടാനായിട്ടുള്ളൂവെങ്കിലും രോഹിത്തിന് ശേഷം ഗിൽ ആകും ഇന്ത്യൻ ക്യാപ്റ്റനെന്ന് റെയ്ന പറഞ്ഞു.

2018ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി തിളങ്ങിയ ഗിൽ ഒരു ഫോർമാറ്റിലും ഇന്ത്യയെ നയിച്ചിട്ടില്ല. എന്നാൽ ഹാർദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് പോയതോടെയാണ് ഗുജറാത്ത് ഈ സീസണിൽ ഗില്ലിനെ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഇതൊക്കെയാണെങ്കിലും ഗിൽ തന്നെയാകും അടുത്ത ഇന്ത്യൻ ക്യാപ്റ്റനെന്ന് റെയ്ന ഒരു ടെലിവിഷൻ ടോക് ഷോയിൽ പറഞ്ഞു.
ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിക്കുന്നുവെന്നതും ഗില്ലിന് അനുകൂല ഘടകമാകാനിടയുണ്ട്. നിലവിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഹാർദ്ദിക് പാണ്ഡ്യയാണ് രോഹിത്തിന് കീഴിൽ വൈസ് ക്യാപ്റ്റൻ. രോഹിത്തിൻറെ അഭാവത്തിൽ രാഹുലും ബുമ്രയും പന്തുമെല്ലാം മുമ്പ് ഇന്ത്യയെ നയിച്ചിട്ടുണ്ട്. എന്നാൽ ടി20 ലോകകപ്പിനുശേഷം ഗില്ലിന് പുതിയ ചുമതലയേൽപ്പിക്കാൻ സെലക്ടർമാർ തയാറാവുമെന്നാണ് റെയ്നയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *