Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചുവെന്ന വിവാദം ഒരാഴ്ചയോളം കത്തിനിന്ന ശേഷം ഇന്ന് കെകെ ശൈലജ തന്നെ വിഷയത്തിൽ വ്യക്തത വരുത്തിയ സാഹചര്യത്തിൽ വിശദമായ മറുപടിയുമായി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.

മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ചുള്ള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താസമ്മേളനത്തിൽ താൻ പറഞ്ഞതെന്ന് കെകെ ശൈലജ ഇന്ന് വ്യക്തമാക്കിയതോടെയാണ് വിവാദത്തിന് വഴിത്തിരിവായത്. ഇതോടെ ഇത്രയും ദിവസം തനിക്കെതിരെ തുറന്ന പോര് നടത്തിയവർ മാപ്പ് പറയുമോ എന്ന ചോദ്യമാണ് ഷാഫി പറമ്പിൽ ഉന്നയിക്കുന്നത്.

സാംസ്കാരിക നായകരെന്നും ബുദ്ധിജീവികളെന്നും വിശേഷിപ്പിക്കപ്പെടുന്നവർ അടക്കം പലരും സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പോസ്റ്റിട്ടു, അതിര് കടന്ന വാക്പ്രയോഗങ്ങൾ വരെയുണ്ടായി, അതിലെല്ലാം മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ ആരെങ്കിലും തയ്യാറാകുമോ, ജനം സത്യം മനസിലാക്കിയിട്ടുണ്ടെന്ന് നേരത്തെ ഉറപ്പായതാണ്, അത് ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കുമ്പോൾ നമുക്ക് മനസിലാകും, അങ്ങനെയൊരു വീഡിയോ ഇല്ലെന്നറിയുന്നത് സന്തോഷം തന്നെയാണ്, അത് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു, വീഡിയോ ഉണ്ടാകരുത് എന്നുതന്നെയായിരുന്നു ആഗ്രഹിച്ചതും, എന്നാൽ ഇത്രയധികം അധിക്ഷേപം തനിക്ക് നേരിടേണ്ടി വന്നു- ഷാഫി പറമ്പിൽ പറയുന്നു.

തനിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഇതിന് കൂട്ടു നിൽക്കുവെന്നുമായിരുന്നു ഒരാഴ്ച മുമ്പ് കെകെ ശൈലജ പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതിയും നൽകി. ഇതിന് പിന്നാലെ വിഷയം സൈബറിടത്തിൽ വലിയ ചർച്ചയായി.
താൻ ആണ് വീഡിയോ ഉണ്ടാക്കിയത് എന്നൊക്കെ സമൂഹമാധ്യമങ്ങളിൽ കണ്ടു, തീവ്ര ഇടത് പ്രൊഫൈലുകളും ഇടത് താത്പര്യം സംരക്ഷിക്കുന്ന ചില ‘സാംസ്കരിക പ്രവർത്തകരും’ മാത്രമാണ് തനിക്കെതിരെ തിരിഞ്ഞത്, ആരോപണങ്ങൾ മാനസിക വിഷമം ഉണ്ടാക്കിയിട്ടില്ല, വ്യക്തിഹത്യ നടത്തി ജയം നേടാൻ ആഗ്രഹിച്ചിട്ടില്ല,
അവനവൻറെ രാഷ്ട്രീയ നേട്ടത്തിന് മാത്രം വ്യക്തിഹത്യയെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *