Your Image Description Your Image Description
Your Image Alt Text

 

ഷാർജ: ഷാർജയിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.ഷാർജ പൊലീസ് ജനറൽ കമാൻഡ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, സോഷ്യൽ സർവീസ് വകുപ്പ്, എമിറേറ്റിലെ മുനിസിപ്പാലിറ്റികൾ, പ്രവർത്തനങ്ങളിൽ ലോജിസ്റ്റിക് പിന്തുണ നൽകുന്ന എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ ഏകോപിപ്പിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്യണമെന്നും ശൈഖ് ഡോ. സുൽത്താൻ കൂട്ടിച്ചേർത്തു.

അതേസമയം മുഴുവൻ സർവീസും സാധാരണ നിലയിൽ ആയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. യാത്രക്കാർക്കായി എമിറേറ്റ്സ് എയർലൈൻസ് തുറന്ന കത്ത് പുറത്തുവിട്ടു. കടന്നു പോയത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയിലൂടെയാണെന്നും വന്നുപോയ എല്ലാ ബുദ്ധിമുട്ടുകൾക്കും ക്ഷമ ചോദിക്കുന്നുവെന്നും പ്രസിഡൻറ് ടിം ക്‌ളാർക് പറഞ്ഞു. ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി പ്രത്യേകം നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നത് വരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയും ദുബൈ വഴിയുള്ള ട്രാൻസിറ്റ് യാത്രകളും വളരെ അത്യാവശ്യമല്ലെങ്കിൽ മാറ്റിവെയ്ക്കണമെന്നാണ് പ്രധാന നിർദേശം.

ഈയാഴ്ചയിലെ അസാധാരണ കാലാവസ്ഥാ സാഹചര്യത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സർവീസുകളുടെ എണ്ണം കുറച്ചിരിക്കുകയാണ്. എല്ലാം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ യുഎഇ അധികൃത‍ർ മുഴുവൻ സമയവും പരിശ്രമിക്കുമ്പോൾ തന്നെ ഇത്തരമൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലാത്തതാണ്. വിമാനം എത് ദിവസം, ഏത് സമയം പുറപ്പെടുമെന്ന് ബന്ധപ്പെട്ട വിമാന കമ്പനിയിൽ നിന്ന് അന്തിമ അറിയിപ്പ് കിട്ടുന്നത് വരെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് വിമാനത്താവള അധികൃതർ തന്നെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുബൈ വഴിയുള്ള ട്രാൻസിറ്റ് യാത്രകളും ദുബൈയിലേക്ക് നേരിട്ടുള്ള യാത്രകളും തത്കാലത്തേക്ക് ഒഴിവാക്കണമെന്ന് നിർദേശം നൽകുന്നതായി ഇന്ത്യൻ എംബസി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.

ദുബായ് വിമാനത്താവളത്തിൽ ഇന്ത്യൻ പൗരന്മാർക്ക് സഹായം നൽകാനായി അവിടുത്തെ കോൺസുലേറ്റ് 24 മണിക്കൂറും പ്രവ‍ർത്തിക്കുന്ന എമർജൻസി ഹെൽപ്‍ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏപ്രിൽ 17 മുതൽ പ്രവ‍ർത്തിക്കുന്ന ഈ ഹെൽപ്‍ലൈനിലേക്ക് +971501205172, +971569950590, +971507347676, +971585754213 എന്നീ നമ്പറുകളിൽ വിളിക്കാമെന്നും എംബസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *