Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഇളവ് വരുത്തി പുതിയ സർക്കുലർ ഇന്ന് ഇറങ്ങും. ഇതോടെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളും ഇന്ന് മുതൽ മാറും. തൊഴിലാളി സംഘടനകളുടെ വ്യാപക പ്രതിഷേധത്തിന് മുന്നിൽ വിട്ടുവീഴ്ചക്ക് തയ്യാറായ ഗതാഗത മന്ത്രി ഇന്നലെ തന്നെ ഭേദഗതി വരുത്തിയ കരടിന് അംഗീകാരം നൽകിയിരുന്നു. ഇത് പ്രകാരമുള്ള പുതിയ സർക്കുലർ ഇന്ന് ഇറങ്ങും. പ്രതിഷേധത്തിന് മുന്നിൽ പിന്നോട്ടില്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ സമരം തീർക്കാൻ വിട്ടുവീഴ്ചക്ക് തയ്യാറാകുകയായിരുന്നു. എന്നാൽ പുതിയ തീരുമാനങ്ങളിലും സി ഐ ടി യു അടക്കമുള്ള തൊഴിലാളി സംഘടനകൾ തൃപ്തരല്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ സമരം തുടരണോ വേണ്ടയോ എന്നതിൽ ഇന്നാകും സി ഐ ടി യുവിന്‍റെ നിർണായക പ്രഖ്യാപനമുണ്ടാകുക.

മാറ്റം ഇങ്ങനെ

പ്രതിദിന ലൈസൻസ് 40 ആക്കും. ഇതിൽ 25 പുതുതായി വരുന്നവർക്കാകും. 10 എണ്ണം റീ ടെസ്റ്റ് ആയിരിക്കും. വിദേശത്തേക്ക് അടിയന്തിരമായി പോകേണ്ട അഞ്ച് പേരെയും ഇക്കാര്യത്തിൽ പരിഗണിക്കും. ഈ വിഭാഗത്തിൽ അപേക്ഷകർ ഇല്ലെങ്കിൽ ലേണേഴ്സ് ലൈസൻസിന്‍റെ കാലാവധി തീരാനുള്ള അ‍ഞ്ച് പേരെയാകും പരിഗണിക്കുക. 15 വർഷം പഴക്കമുള്ള വാഹനം മാറ്റണമെന്ന നിർദ്ദേശത്തോടായിരുന്നു യൂണിയനുകളുടെ ശക്തമായ എതിർപ്പ്. അതിന് 6 മാസത്തെ സാവകാശം നൽകിയാകും പുതിയ സർക്കുലർ ഇറങ്ങുക. ആദ്യം റോഡ് ടെസ്റ്റാകും നടത്തുക. ഇതിന് ശേഷമാകും എച്ച് എടുക്കേണ്ടി വരിക. പുതിയ രീതിയിൽ ഗ്രൗണ്ട് സജ്ജമാക്കാൻ 3 മാസത്തെ സമയം നൽകുകയും ചെയ്യും. വാഹനങ്ങളിൽ ക്യാമറ വെക്കാനും 3 മാസത്തെ സാവകാശം ഉണ്ടാകും. എന്നാൽ പുതിയ നിർദ്ദേശത്തോട് സി ഐ ടി യുവിന് പൂർണ്ണയോജിപ്പില്ലെന്നാണ് വിവരം. പ്രതിദിന ലൈസൻസുകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് ആവശ്യം. പക്ഷെ ഗതാഗതവകുപ്പ് അയഞ്ഞ സാഹചര്യത്തിൽ തൽക്കാലം സമരം നിർത്താനിടയുണ്ട്. ഇക്കാര്യത്തിൽ ഇന്നാകും സി ഐ ടി യുവിന്‍റെ നിർണായക പ്രഖ്യാപനമുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *