Your Image Description Your Image Description
Your Image Alt Text

 

തൃശൂർ: വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ കയറിയതായി പരാതി. പൂര സമയത്ത് ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ‌ ഉത്തരവ് ലംഘിച്ചത്. ഭക്തരിലൊരാൾ‌ ഇത് സംബന്ധിച്ച് പരാതി നൽകി.

വടക്കുംനാഥ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പാദരക്ഷകൾ ധരിച്ചു നിൽക്കുന്ന പൊലീസ് സംഘത്തിന്റെ ചിത്രങ്ങൾ ജനം ടിവിക്ക് ലഭിച്ചു. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് നിരവധി പൊലീസുകാർ പാദരക്ഷകൾ ധരിച്ച് ഉള്ളിൽ പ്രവേശിച്ചത്.

പൊലീസിനെതിരെ വിമർശനം കടുക്കുന്നതിനിടെയാണ് വീണ്ടും പരാതി ഉയരുന്നത്. ഇന്നലെ രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോ​ഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാ​ഗം പൂരം നിർത്തിവച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. പിന്നാലെ പൊലീസിനെതിരെ സംഘാടകരും പൂരപ്രേമികളും രം​ഗത്തെത്തി. പൊലീസിന്റെ അനാവശ്യമായ ഇടപെടലാണ് പ്രശ്നങ്ങൾക്ക് ആധാരമെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തിരുവമ്പാടി വിഭാ​​ഗം വെടിക്കെട്ടിന് തയ്യാറായത്. പുലർച്ചെ മൂന്നിന് നക്കേണ്ട വെടിക്കെട്ട് രാവിലെ ഏഴ് മണിയോടെയാണ് നടത്തിയത്. വെടിക്കെട്ട് ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാനാണ് ഉത്സവപ്രേമികൾക്ക് ഇത്തവണ അവസരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *