Your Image Description Your Image Description
Your Image Alt Text

 

കൊല്ലം: അഞ്ചലിൽ മോഷണക്കേസിൽ കുടുക്കി പൊലീസ് പിടികൂടുകയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കിയത് കടബാധ്യത കാരണമെന്ന് ബന്ധുക്കൾ. ഓട്ടോ ഡ്രൈവറായിരുന്ന രതീഷാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ചത്. കേസ് നടത്തിപ്പിനും വായ്പാ തിരിച്ചടവിനുമായെടുത്ത പണമാണ് കടബാധ്യതയ്ക്ക് കാരണമായതെന്നും ബന്ധുക്കൾ പറയുന്നു.

2014 സെപ്റ്റംബറിൽ അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ കവർച്ച നടത്തി എന്നാരോപിച്ചാണ് പൊലീസ് രതീഷിനെ അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലടച്ചത്. കുറ്റം ആവർത്തിച്ച് നിഷേധിച്ചിട്ടും സിസിടിവിയിൽ കണ്ട രതീഷിന്റെ ഓട്ടോറിക്ഷയുടെ ദൃശ്യങ്ങൾ തെളിവായെടുത്ത് കള്ളനെന്ന് മുദ്രകുത്തി അറസ്റ്റും മർദ്ദനവും. 2020ൽ മറ്റൊരു കേസിൽ പിടിയിലായ തിരുവനന്തപുരം കാരക്കോണം സ്വദേശിയായ മറ്റൊരു പ്രതി അഞ്ചലിലെ മോഷണം സമ്മതിക്കും വരെ കോടതിക്ക് മുന്നിലും സമൂഹത്തിനും മുന്നിലും രതീഷ് മോഷ്ടാവായി.

ജയിലിൽ നിന്നിറങ്ങിയെങ്കിലും കേസും നൂലാമാലകളുമായി പിന്നെയും മാസങ്ങൾ കഴിഞ്ഞു. ഉപജീവന മാർഗമായ ഒട്ടോറിക്ഷ തുരുമ്പെടുത്തു. പൊലീസുകാർക്കെതിരായ കേസ് നടത്തിപ്പിനും ഓട്ടോ റിക്ഷ വാങ്ങാനെടുത്ത വായ്പയുടെ തിരിച്ചടവിനുമായി കടബാധ്യത ഏഴു ലക്ഷത്തോളമെത്തിയെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് മർദ്ദനത്തിലുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം രതീഷിന് സ്ഥിരമായി ജോലി ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. ഇടക്കിടെ ബസ് ഡ്രൈവറായി ജോലിക്ക് പോകുമ്പോൾ കിട്ടുന്നതായിരുന്നു ഏക വരുമാനം. പത്ത് വയസുള്ള മകളും ആറു വയസുള്ള മകളുമുണ്ട് രതീഷിന്.

Leave a Reply

Your email address will not be published. Required fields are marked *