Your Image Description Your Image Description
Your Image Alt Text

 

ഇന്ത്യൻ ഭക്ഷ്യോൽപ്പന്ന നിർമാതാക്കളായ എവറസ്റ്റിന്റെ ഫിഷ് കറി മസാല വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശിച്ച് സിംഗപ്പൂർ സർക്കാർ. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത മസാലയാണ് പിൻവലിച്ചത്. മസാലയിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. എവറസ്റ്റിന്റെ ഫിഷ് മസാലയിൽ ഉയർന്ന അളവിൽ എഥിലീൻ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്ന് സിംഗപ്പൂർ അധികൃതർ പറഞ്ഞു. അനുവദനീയമായതിലും വളരെയധികം രാസവസ്തു എവറസ്റ്റ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇന്ത്യയിൽ നിന്ന് കറി മസാല ഇറക്കുമതി ചെയ്യുന്ന കമ്പനി എസ്പി മുത്തയ്യ & സൺസ് ആണ് . ഇവരോട് ഈ ഉൽപ്പന്നം തിരിച്ചുവിളിക്കാൻ സിംഗപ്പൂർ ഫുഡ് ഏജൻസി ഉത്തരവിട്ടിട്ടുണ്ട്. അനുവദനീയമായ പരിധി കവിയുന്ന അളവിൽ എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പിന് പിന്നാലെയാണ് സിംഗപ്പൂർ ഫുഡ് ഏജൻസിയുടെ നീക്കം.

കാർഷിക ഉൽപന്നങ്ങളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും സൂക്ഷ്മാണുക്കളുടെ വ്യാപനം തടയുന്നതിനും ആണ് എഥിലീൻ ഓക്സൈഡ് ഉപയോഗിക്കുന്നത് . ഇത് കുറഞ്ഞ അളവിൽ കഴിച്ചാൽ പെട്ടെന്ന് ആരോഗ്യത്തിന് അപകടമൊന്നും ഉണ്ടാകില്ല. എന്നാൽ തുടർച്ചയായി ഇത് ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ, എവറസ്റ്റിന്റെ മീൻ കറി മസാലകൾ വാങ്ങിയ ഉപഭോക്താക്കളോട് ഇത് ഉപയോഗിക്കരുതെന്ന് സിംഗപ്പൂർ ഫുഡ് ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്. എവറസ്റ്റ് ഫിഷ് കറി മസാല ഉപയോഗിക്കുന്നവരോട് വൈദ്യോപദേശം തേടാനും നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്ക്, ഉപഭോക്താക്കൾ മസാല വാങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും അധികൃതർ ആവശ്യപ്പെട്ടു. സിംഗപ്പൂർ ഫുഡ് ഏജൻസിയുടെ നടപടിക്ക് പിന്നാലെ എസ്പി മുത്തയ്യ & സൺസ് മസാല വിപണിയിൽ നിന്നും പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *