Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇവിഎം) കമ്മീഷനിങ് തുടങ്ങിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ഏപ്രിൽ 20ഓടെ കമ്മീഷനിങ് പ്രക്രിയ പൂർത്തിയാവും. അതീവസുരക്ഷയോടെയാണ് ഇവിഎം കമ്മീഷനിങ് പ്രക്രിയ പുരോഗമിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 25,231 ബൂത്തുകളിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളിൽ ക്രമനമ്പർ, സ്ഥാനാർഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പിൽ പ്രിൻറ് ചെയ്യേണ്ട ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും സെറ്റ് ചെയ്യുന്ന പ്രക്രിയയാണ് കമ്മീഷനിങ്. പ്രക്രിയ പൂർത്തിയാവുന്നതോടെ ഓരോ ബൂത്തിലേക്കുമുള്ള ഇവിഎം (കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് ) വോട്ടെടുപ്പിന് സജ്ജമാകും. സംസ്ഥാനത്തെ 140 കേന്ദ്രങ്ങളിലാണ് കമ്മീഷനിങ് നടക്കുന്നത്. സ്ഥാനാർഥി അല്ലെങ്കിൽ സ്ഥാനാർഥി നിശ്ചയിക്കുന്ന ഏജൻറ്, ജില്ലയിലേക്ക് അനുവദിച്ച ബെൽ എൻജിനീയർ, തെരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് വരണാധികാരികളുടെ നേതൃത്വത്തിൽ കമ്മീഷനിങ് നടക്കുന്നത്.

ബാലറ്റ് സെറ്റ് ചെയ്ത ശേഷം ഓരോ ഇവിഎമ്മിലും ഓരോ വോട്ട് ചെയ്ത് മെഷീനിൻറെയും കാര്യക്ഷമത ഉറപ്പുവരുത്തും. തുടർന്ന് അവ സീൽ ചെയ്യും. ശേഷം ഓരോ അസംബ്ലി സെഗ്മൻറിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളിൽ നിന്ന് റാൻഡമായി തെരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം ഇവിഎമ്മുകളിൽ 1000 വീതം വോട്ട് രേഖപ്പെടുത്തി പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. തുടർന്നാണ് ഇവിഎമ്മുകൾ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റുക. സ്‌ട്രോങ് റൂമുകളിൽ വരച്ചിട്ടുള്ള നിശ്ചിത കള്ളിയിൽ അഡ്രസ്സ് ടാഗ് ചെയ്ത് ക്രമീകരിച്ചാണ് വോട്ടെടുപ്പ് യന്ത്രങ്ങൾ ഓരോന്നും സൂക്ഷിക്കുക. ഇങ്ങനെ സൂക്ഷിക്കുന്ന മെഷീനുകളാണ് വോട്ടെടുപ്പിന് തലേന്ന് സ്‌ട്രോങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ഇവിഎമ്മുകളുടെ കമ്മീഷനിങ് പ്രക്രിയ പൂർണമായും വെബ്‌കാസ്റ്റ് ചെയ്യുന്നുണ്ട്. സട്രോങ് റൂമുകളിൽ കനത്ത സുരക്ഷയിലാണ് ഇവ സൂക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *