Your Image Description Your Image Description
Your Image Alt Text

കഴിഞ്ഞ കുറെ ദിവസമായി എന്റെ ചില പരിചയക്കാർ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി ഒരു വാർത്ത ചെയ്യുന്നില്ലെന്ന് . പരിചയമില്ലാത്ത പലരും ചോദിച്ച മറ്റൊരു ചോദ്യമുണ്ട്, എന്തിനാണ് ചാഴിക്കാടനെ അനുകൂലിച്ച് വാർത്തകൾ അവതരിപ്പിക്കുന്നതന്ന് .

ഈ രണ്ടു ചോദ്യങ്ങളും വളരെ പ്രസക്തമാണ് . സത്യം പറഞ്ഞാൽ ചാഴിക്കാടനെ അനുകൂലിച്ച് വാർത്തകളൊന്നും അവതരിപ്പിക്കുന്നില്ല. നാട്ടിൽ കണ്ടതും കേട്ടതുമായ കാര്യങ്ങളിൽ സത്യമെന്ന് തോന്നിയത് തുറന്നുപറയുവെന്നേയുള്ളൂ.

കേരളത്തിലെ 20 ലോകസഭാംഗങ്ങളിൽ അനുവദിച്ച മുഴുവൻ തുകയും മണ്ഡലത്തിൽ ചിലവാക്കി ചാഴികാടൻ ഒന്നാമനായിയെന്ന് പറഞ്ഞത് ഞാനല്ല. തിരുവനന്തപുരത്തുള്ള ബഡ്ജറ്റ് ആന്റ് ലെജിസ്ലേറ്റിവ് റിസർച്ച് എന്ന സ്ഥാപനം ”17 ആം ലോകസഭയും കേരള എംപിമാരും ഒരു അവലോകനം” എന്ന തലക്കെട്ടിൽ അവതരിപ്പിച്ച ലേഖനത്തിൽ നിന്നാണ് മലയാളികൾ മനസ്സിലാക്കിയത് .

ഇതുപോലെ ഉത്തവാദിത്വപ്പെട്ട ഒരു സ്ഥാപനം ആധികാരികമായി പറയുന്ന കാര്യങ്ങൾ നിസ്സാരമായി കാണാൻ സാധിക്കില്ലെന്ന് തീരുമാനിച്ച് കേരളത്തിലെ മുഴുവൻ മാധ്യങ്ങളും പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഞങ്ങളും ആവർത്തിച്ചത്. ബാക്കി ഒരു എംപിയും അത് തെറ്റാണെന്ന് പറയാത്തിടത്തോളം കാലം ഞങ്ങളുടെ വർത്തയിൽ അപാകതകളില്ലെന്നും പറയേണ്ടതില്ലല്ലോ.

ഇവിടെ യുഡിഎഫ് സ്ഥാനാർഥിയ്ക്ക് നിലപാടില്ലായ്മയാണെന്ന് പറഞ്ഞതും ഞാനല്ല . കേരളത്തിൽ നല്ല ഭരണം കാഴ്ചവച്ച ഒരു മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ‌ചാണ്ടി . അദ്ദേഹത്തിന്റെ മന്ത്രിസഭക്കെതിരെ പടയൊരുക്കം നടത്തി യുഡിഎഫ് സ്ഥാനാർഥി പുറത്ത് പോകുമ്പോൾ അത് രണ്ടാമത്തെ മുന്നണി മാറ്റമായിരുന്നു.

മാന്യമായി യുഡിഎഫിൽ നിന്ന് ജോലി ചെയ്തിരുന്നവരെ മൂന്നുപേരെയും കൂട്ടി മുന്നണിവിട്ട് ഇറങ്ങിപോയിട്ട് എന്ത് നേടിയെന്ന് ചോദിക്കുന്നത് ഞാനല്ല , കോട്ടയത്തെയോ പുതുപ്പള്ളിയിലെയോ ജനങ്ങളല്ല , കേരളത്തിലെ മുഴുവൻ ജനങ്ങളും ചോദിക്കുന്ന ചോദ്യമാണ് , അതെ ഞാനും ചോദിച്ചുള്ളൂ .

ഇന്ന് കൂടെനിന്ന് ഈ വിലപിക്കുന്ന കോൺഗ്രസ്സുകാർ എന്തേ അന്ന് ഇദ്ദേഹത്തിന്റെ മുന്നണി മാറ്റത്തെ അപലപിച്ചില്ല. ചാഴികാടൻ മുന്നണി മാറേണ്ടി വന്ന ഗതികെട്ട ഒരു സാഹചര്യം, കോൺഗ്രസിലെ രണ്ടു നേതാക്കളുടെ പിടിപ്പുകേട് മൂലം ഉണ്ടായതാണ്.

നിങ്ങളെ നിങ്ങളുടെ സ്‌കൂളിൽ നിന്നും ഇറക്കിവിട്ടാൽ ആത്മഹത്യ ചെയ്യാൻ പറ്റില്ലല്ലോ? ടി സി വാങ്ങി അടുത്ത സ്‌കൂളിൽ പോയി ചേർന്ന് പഠനം പൂർത്തിയാക്കും. പിന്നെ ചാഴികാടൻ മുന്നണിക്കുവേണ്ടി പി ജെ ജോസഫിനൊപ്പം നിന്നില്ലന്നാണ് പരാതി.

ഒന്ന് മനസ്സിലാക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പിൽ മുന്നണി രാഷ്ട്രീയം ഇല്ല. കക്ഷി രാഷ്ട്രീയമേയുള്ളൂ. ഇനി ജോസഫിന്റെ കൂടെ നിന്നാലോ? അവശിഷ്ട മാണിക്കാരുടെ കൂടെ ഒരാൾ കൂടെ കണ്ടേനെ അത്രമാത്രം. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്നും കുത്തി വീഴ്ത്താൻ ചിലർ നടത്തിയ കുൽസൃത തന്ത്രങ്ങളിൽ ഭഗവാക്കായിരുന്നു പിജെയും കൂട്ടരും.

അതിനു കൂട്ടുനിന്നില്ല എന്നതാണ് ചാഴികാടൻ കാണിച്ച ഏക നെറികേട്. ആ ബോധ്യം ഏതൊരുമലയാളിക്കുമുണ്ട് . ‘ജനാധിപത്യ കേരള കോൺഗ്രസ്’ എന്ന ഒരു പുതിയ പാർട്ടി സൃഷ്ടിച്ച്, മാണിഗ്രൂപ്പിലെ കുറച്ചുപേരെ പിടിച്ചുകൊണ്ടുവന്ന് വഴിയാധാരമാക്കിയത് ഒരു കാര്യം.

ഏന്തെങ്കിലും നിലപാട് ഉള്ളവർ ചെയ്യുന്ന കാര്യമാണോ ഇത്. ആകെ ഇയാൾക്ക് ഒരു രാഷ്ട്രീയമേ അറിയാവൂ, LDF കഴിഞ്ഞാൽ UDF. UDF കഴിഞ്ഞാൽ LDF. അതിനൊക്കെ മാറ്റം വന്ന കാര്യം ഇദ്ദേഹം ഇന്നും അറിഞ്ഞിട്ടില്ലായെന്ന് തോന്നുന്നു. ഒരുതരം തിരഞ്ഞെടുപ്പ് തൊഴിലാളിയായി അധഃപതിക്കരുത് .

ആഴ്ചതോറും നിലപാടുകൾ മാറ്റി ഇടതും വലതും ചാടി കളിക്കുന്ന ഒരു കുഞ്ഞിരാമനായി അധഃപതിച്ചവരെ എങ്ങനെ സപ്പോർട്ട് ചെയ്യും. ശരിയാണെങ്കിലും തെറ്റാണെങ്കിലും ചാഴികാടൻ , തന്നെ കൈപിടിച്ച് കളത്തിലിറക്കിയ മാണിസാറിനെ മറന്നില്ല. വിശ്വാസം അർപ്പിച്ച് തിരഞ്ഞെടുത്തു വിട്ട ജനത്തോട് നീതികേട്‌ കാണിച്ചില്ല.

തനിക്ക് കൂടെ നിന്ന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി മുന്നേറാൻ സഹായിച്ച ഉമ്മൻചാണ്ടിയെ അവഗണിച്ചില്ല. അതുകൊണ്ടാണല്ലോ മുന്നണിയിൽ നിന്നും പുറത്താക്കാതിരിക്കാൻ അവസാന നിമിഷം വരെ പരിശ്രമിച്ചതും തലേന്ന് രാത്രിയിലും ഉമ്മൻചാണ്ടിയെ കണ്ട് അനുരജ്ഞനത്തിന് ശ്രമിച്ചതും.

വെള്ളവും വളവും നൽകി പാർട്ടിയെ വര്ഷങ്ങളോളം വളർത്തിയ ഉമ്മൻചാണ്ടിയെ അവസാന കാലഘട്ടത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം അവഹേളിച്ചിടത്തോളം മറ്റാരും അദ്ദേഹത്തെ അവഹേളിച്ചിട്ടില്ല. അതിന് കൂട്ടുനിന്നതോ പി ജെ ജോസഫും കൂട്ടരും .

ഉമ്മൻ ചാണ്ടിയോട് കാണിച്ച ക്രൂരത അത്രമാത്രമാണ്. ഉമ്മൻചാണ്ടിയെ വലിച്ച് താഴെ ഇട്ട് തന്നെ മുഖ്യമന്ത്രിയാകാൻ സഹായിച്ചില്ലെന്ന കാരണം കൊണ്ടല്ലേ കെ എം മാണിയേയും ആ കോൺഗ്രസ് നേതാവ് ആക്രമിച്ചത്. എന്നിട്ട് എന്തായി?

അതുകൊണ്ട് സത്യങ്ങൾ പറയുമ്പോൾ കൊഞ്ഞനം കുത്തിക്കാണിച്ചിട്ട് കാര്യമില്ല . രാഷ്ട്രീയത്തിൽ സ്ഥിരമായ മിത്രവും സ്ഥിരമായ ശത്രുവും ഇല്ലന്ന് കേരള ജനതയ്ക്ക് കൂടെക്കൂടെ കാട്ടിത്തന്ന , അല്ല കാട്ടിത്തരുന്ന ഈ നേതാക്കൾ ഓസ്കാർ പുരസ്‌കാരത്തിന് അർഹരാണ് .

ഇനിയും പാർട്ടിയും മുന്നണിയും മാറില്ലെന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാൻ പറ്റുമോ ? സാക്ഷാൽ പി ജെ യ്ക്ക് പറയാൻ പറ്റുമോ ? ഇല്ലെന്നറിയാം , എന്നാലും ചോദിച്ചുവെന്നേയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *