Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: പാക്കറ്റിലാക്കിയ മലബാർ പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജി എസ് ടി മാത്രമെ ഈടാക്കാവൂ എന്ന് ഹൈക്കോടതി. ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ടയെന്ന് വ്യക്തമാക്കിയാണ് 18 ശതമാനത്തിൽ നിന്ന് 5 ശതമാനം ജി എസ് ടി ആക്കി ഇളവ് അനുവദിച്ചത്. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിൻറെ ഉത്തരവ്.

ഇതോടെ പാക്കറ്റിലാക്കിയ മലബാർ പൊറോട്ട , ഗോതമ്പ് പൊറോട്ട എന്നിവയ്ക്കാകും ഇളവ് ബാധകമാവുക. കേരളാ അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ് ഉത്തരവ് പ്രകാരമായിരുന്നു പാക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് പതിനെട്ട് ശതമാനം ജി എസ് ടി ഏർപ്പെടുത്തിയത്. പൊറോട്ട ബ്രെഡിന് സമാനമല്ലെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിനെതിരെയാണ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചത്.

നേരത്തെ കമ്പനി അധികൃതർ എ എ ആർ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല. പാക്കറ്റിലാക്കിയ മലബാർ പൊറോട്ട ബ്രഡ് പോലെ നേരത്തെ ഉപയോഗിക്കാൻ കഴിയുന്നതല്ലെന്നും വീണ്ടും പാകം ചെയ്യേണ്ടതിനാൽ റൊട്ടിയുടെ ഗണത്തിൽ പെടുത്താൻ ആകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് ആവശ്യം തള്ളിയത്. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *