Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൻറെ ഭാഗമായി കേരളത്തിൽ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോർവിളി പരാമർശങ്ങൾ ദേശീയ തലത്തിലും വലിയ ചർച്ചയായി മാറുകയാണ്. കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടിയെടുക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ വിമർശനമാണ് വലിയ തോതിൽ ച‍ർച്ചയായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് രാഹുലിൻറെയും പിണറായിയുടെയും പരാമർശങ്ങൾ ദേശീയ തലത്തിൽ വലിയ ചർച്ചയാക്കുന്നത്.

ദേശീയ തലത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികളെ രൂക്ഷമായി വിമർശിക്കുന്ന രാഹുൽ. കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നാണ് മോദിയുടെ പ്രധാന പരിഹാസം. അരവിന്ദ് കെജ്രിവാളും ഹേമന്ത് സോറനും അറസ്റ്റിലായ സാഹചര്യം ഉയർത്തിയാണ് കേരളത്തിലെ മുഖ്യമന്ത്രിയെ അന്വേഷണ ഏജൻസികൾ തൊടുന്നില്ലെന്ന വിമർശനം വയനാട്ടിലെ പ്രചരണത്തിനിടെ രാഹുൽ ഗാന്ധി ഉന്നയിച്ചത്. പരാമർശം ത്രിപുരയിലെ റാലിയിലടക്കം മോദി ആയുധമാക്കി.

കേന്ദ്ര ഏജൻസികളുടെ നടപടികൾ പ്രതിപക്ഷ വേട്ടയാടലാണെന്നാരോപിച്ച് കോൺഗ്രസും സി പി എമ്മും ദേശീയ തലത്തിൽ പ്രചാരണം ശക്തമാക്കുമ്പോൾ കേരളത്തിൽ നേരെ വിപരീതമാണ് രാഹുൽ ഗാന്ധിയുടെ നിലപാടെന്നാണ് മോദി വിമർശിക്കുന്നത്. അഴിമതിക്കാരെ ആരെയും വെറുതെ വിടില്ലെന്നും മോദി മുന്നറിയിപ്പ് നൽകി. നേരത്തെ കേരളത്തിൽ നടത്തിയ റാലിയിൽ മാസപ്പടിയും സ്വർണ്ണ കടത്തും അടക്കമുള്ള വിഷയങ്ങൾ പിണറായിക്കെതിരെ മോദി ഉന്നയിച്ചിരുന്നു. ഇടത് പാർട്ടികൾ നിർണായക ശക്തിയായ ത്രിപുരയിൽ കേരളത്തിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യത്തിലെ ​ഗുസ്തിയും ദോസ്തിയും വാദം ബി ജെ പി മുഖ്യ പ്രചാരണായുധമാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *