Your Image Description Your Image Description
Your Image Alt Text

ജീവിതകാലത്ത് അം​ഗീകരിക്കപ്പെടാത്ത പലരും മരണശേഷം അം​ഗീകരിക്കപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. അക്കൂട്ടത്തിൽപ്പെടുന്ന ഒരു കലാകാരനാണ് അന്തരിച്ച റോൺ ഗ്രിറ്റിൻസ്. തന്റെ കലാസൃഷ്ടികൾ സ്വന്തം കുടുംബത്തിൽ നിന്നു പോലും 33 വർഷക്കാലം മറച്ചുവെച്ച വ്യക്തിയാണ് റോൺ.

കുടുംബത്തിൽ നിന്ന് അകന്ന് 33 വർഷക്കാലം സ്വന്തമായി ഒരു വീട് വാങ്ങി അവിടെ താമസിച്ച അദ്ദേഹം 2019 -ൽ ആണ് മരണമടയുന്നത്. അന്ന് മാത്രമാണ് റോണിന്റെ കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തിനുള്ളിൽ ഒരു കലാകാരനുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. മരണവിവരമറിഞ്ഞ് വീട്ടിലെത്തിയവർ അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി, കാരണം അത് അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ നിറഞ്ഞ ഒരു ആർട്ട് ​ഗാലറിയായിരുന്നു. ഗ്രേഡ് II ലിസ്റ്റഡ് പദവി നൽകി ഇപ്പോൾ ഈ വീട് സംരക്ഷിക്കുകയാണ് അധികൃതർ. ഇംഗ്ലണ്ടിലെ ബിർക്കൻഹെഡിലെ സിൽവർഡെയ്ൽ റോഡിലാണ് ‘റോൺസ് പ്ലേസ്’ എന്നറിയപ്പെടുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്.

പുറത്ത് നിന്ന് നോക്കിയാൽ ‘റോൺസ് പ്ലേസ്’ മറ്റേതൊരു വാടക ഫ്ലാറ്റിനെയും പോലെയാണ്. പ്രത്യേകതകൾ ഒന്നുമില്ല. എന്നാൽ, വീടിന്റെ ഉൾഭാ​ഗം നാല് പതിറ്റാണ്ടുകൊണ്ട് റോൺ ഗിറ്റിൻസ് പുരാതന ഗ്രീസിലെയും ഈജിപ്തിലെയും പുരാവസ്തുക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു അത്ഭുതലോകമാക്കി മാറ്റിയിരുന്നു.

2019 -ൽ 79 -ാം വയസ്സിലാണ് റോൺ മരിക്കുന്നത്. അതുവരെ ആ വീടിനുള്ളിലേക്ക് ആർക്കും അദ്ദേഹം പ്രവേശനം നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ വീടിനുള്ളിൽ ശില്പങ്ങളും ചിത്രങ്ങളുമൊക്കെ നിറഞ്ഞ ഒരു വലിയ ലോകം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ ബന്ധുക്കൾ പോലും അറിഞ്ഞില്ല.
സഹോദരൻ്റെ മരണത്തെത്തുടർന്ന്, റോണിൻ്റെ മൂത്ത സഹോദരി പാറ്റ് വില്യംസ്, അവൻ്റെ സാധനങ്ങൾ ശേഖരിക്കുന്നതിനായി വീട്ടിൽ കയറിയപ്പോഴാണ് വർഷങ്ങളായുള്ള സഹോദരന്റെ ഏകാന്തവാസം എന്തിനായിരുന്നുവെന്ന് മനസ്സിലായത്. ഒരു കലാകാരി കൂടിയായ പാറ്റിൻ്റെ മകളും റോണിന്റെ മരുമകളും ആയ ജാൻ വില്യംസാണ് ഇപ്പോൾ ഈ വീട് നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *