Your Image Description Your Image Description
Your Image Alt Text

ബംഗളൂരു: മലയാളി താരങ്ങളായ സജന സജീവൻ, ആശ ശോഭന എന്നിവർ ബംഗ്ലാദേശ് വനിതകൾക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐപിഎല്ലിലെ പ്രകടനമാണ് ഇരുവർക്കും ടീമിൽ അവസരം നൽകിയത്. ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യൻ ടീമിലെത്തുന്നത്. സജന വയനാട്ടിൽ നിന്നുള്ള താരമാണ്. ആശ തിരുവനന്തപുരം സ്വദേശിയാണ്. ആർസിബിയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു ശോഭന. സജന മുംബൈ ഇന്ത്യൻസിന് വേണ്ടി ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, മറ്റൊരു മലയാളി താരം മിന്നു മണിക്ക് ടീമിൽ ഇടം നേടാനായില്ല. വനിതാ ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിന്റെ താരമാണ് മിന്നു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ്.

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്്റ്റൻ) സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ദയാലൻ ഹേമലത, സജന സജീവൻ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), രാധാ യാദവ്, ദീപ്തി ശർമ, പൂജ വസ്ത്രകർ, അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിങ് താക്കൂർ, തിദാസ് സധു.

വനിതാ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ തന്നെ സജന വരവറിയിച്ചിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ അവസാന പന്തിൽ സിക്‌സ് അടിച്ചാണ് സജന മുംബൈയെ ജയിപ്പിച്ചത്. ഡൽഹിക്കെതിരെ അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്ന ഘട്ടത്തിലാണ് ആദ്യ പന്ത് നേരിട്ട സജ്‌ന ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ പടുകൂറ്റൻ സിക്‌സിലൂടെ ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

പിന്നാലെ താരത്തെ വാഴ്ത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. മുംബൈ ബാറ്റിംഗ് നിരയിൽ ഒമ്പതാം നമ്പറിലാണ് ഇറങ്ങിയതെങ്കിലും 29കാരിയായ സജ്‌ന മുംബൈ ഇന്ത്യൻസിന്റെ കെയ്‌റോൺ പൊള്ളാർഡാണെന്നാണ് സഹതാരം യാസ്തിക ഭാട്ടിയ വിശേഷിപ്പിച്ചത്. ഈ ഐപിഎല്ലിൽ നോട്ടമിടേണ്ട താരങ്ങളിലൊരാളാണ് സജ്‌നയെന്ന് മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മത്സരത്തിന് മുമ്പെ പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു യാസ്തികയുടെ കമന്റ്.

 

Leave a Reply

Your email address will not be published. Required fields are marked *