Your Image Description Your Image Description

 

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ മത്സരത്തില്‍ നിര്‍ണായകമായത് ടോസ് ആയിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡൻസില്‍ പകല്‍ മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിംഗ് കുറച്ചു കൂടി എളുപ്പമാണെന്നതിനാല്‍ ഇന്നലെ ലഖ്നൗവിനെതിരെ നിര്‍ണായ ടോസ് നേടാനായി കൊല്‍ക്കത്ത നായകന്‍ പ്രഗോയിച്ച തന്ത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

ലഖ്നൗ നായകന്‍ കെ എല്‍ രാഹുലിനൊപ്പം ടോസിനായി പിച്ചിന് നടുവിലെത്തിയ ഹോം ക്യാപ്റ്റന്‍ കൂടിയായ ശ്രേയസിന് ടോസിടാനുള്ള നാണയം മാച്ച് റഫറി കൈമാറി. നാണയം കൈയില്‍ കിട്ടിയ ശ്രേയസ് അതില്‍ ഒന്ന് ഉമ്മ വെച്ചശേഷമാണ് ടോസിട്ടത്. കെ എല്‍ രാഹുല്‍ ഹെഡ്സ് വിളിച്ചെങ്കിലും ടെയ്ൽ ആയിരുന്നു വീണത്. നിര്‍ണായക ടോസ് ജയിച്ച ശ്രേയസ് ലഖ്നൗവിനെ ബാറ്റിംഗിന് അയക്കുകയും ചെയ്തു.

ഇത് രണ്ടാം തവണയാണ് ശ്രേയസ് ടോസിന് മുമ്പ് നാണയത്തില്‍ ഉമ്മവെച്ചശേഷം ടോസിടുന്നത്. നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ രാത്രി മത്സരത്തിലും ശ്രേയസ് ഇതേ തന്ത്രം പ്രഗോയിച്ചിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ജയിച്ചു. രണ്ട് തവണയും തന്ത്രം വിജയമായതോടെ വരും മത്സരങ്ങളിലും ശ്രേയസ് ഇത് തുടരുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്. കൊല്‍ക്കത്തക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് മാത്രമെടുത്തപ്പോള്‍ കൊല്‍ക്കത്ത 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

47 പന്തില്‍ 89 റണ്‍സുമായി പുറത്താകാതെ നിന്ന ഫില്‍ സാള്‍ട്ടാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോററായത്. സുനില്‍ നരെയ്നും(6), അംഗ്രിഷ് രഘുവംശിയും നിരാശപ്പെടുത്തിയെങ്കിലും 38 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് സാള്‍ട്ടിന് മികച്ച പിന്തുണ നല്‍കിയതോടെ കൊല്‍ക്കത്ത അനായസ ജയം സ്വന്തമാക്കി. കൊല്‍ക്കത്തക്ക് ഇനിയുള്ള നാലു മത്സരങ്ങളും ഹോം മത്സരങ്ങളാണെന്നതിനാല്‍ വരും മത്സരങ്ങളിലും ശ്രേയസിന് ടോസിടാനുള്ള അവസരമുണ്ടാകും. ചൊവ്വാഴ്ച സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *