Your Image Description Your Image Description

 

ഇടുക്കി: അടിമാലിയിൽ വയോധികയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. അടിമാലി കുരിയൻസ് പടിയിൽ താമസിക്കുന്ന 70 വയസ്സുകാരി ഫാത്തിമ കാസിമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് രണ്ട് പ്രതികളെ പൊലീസ് പിടികൂടിയത്. കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കെജെ അല‌ക്സ്, കവിത എന്നിവരെയാണ് പാലക്കാട് നിന്ന് പൊലീസ് പിടികൂടിയത്. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. അടിമാലിയിൽ നിന്ന് മുങ്ങിയ പ്രതികൾ പാലക്കാട് എത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേർ ഫാത്തിമയുടെ വീട്ടിൽ വന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചതാണ് കേസിൽ നിർണായകമായത്.

കവർച്ചാ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് വിവരം. പ്രതികൾ ഫാത്തിമ കാസിമിന്റെ പക്കൽ നിന്നും കവർന്ന സ്വർണാഭരണങ്ങൾ അടിമാലിയിലെ ഒരു സ്വർണക്കടയിൽ വിറ്റിരുന്നു. അതിന് ശേഷമാണ് ഇവർ ഇവിടെ നിന്നും പോയത്. അവശേഷിച്ച സ്വർണാഭരണങ്ങൾ ഇവരുടെ കൈയ്യിലുണ്ടായിരുന്നത് പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണം തന്നെയായിരുന്നു ഉദ്ദേശമെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് ഫാത്തിമ കാസിമിന്റെ മരണവുമായി ബന്ധപ്പെട്ടുയരുന്ന സംശയം. മൃതദേഹത്തിന് സമീപത്ത് മുളകുപൊടി എറിഞ്ഞതും വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് കൃത്യം നടത്തിയതും പ്രതികൾ വീടിന് സമീപത്ത് കറങ്ങിനടന്നെന്നതും പൊലീസ് ഇങ്ങനെ സംശയിക്കാൻ കാരണമാണ്. ഇന്നലെ പകൽ 11 നും നാല് മണിക്കും ഇടയിലാണ് കൊലപാതകം നടന്നത്. വൈകിട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *