Your Image Description Your Image Description

 

 

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ ചെന്നൈക്ക് ജയിക്കാൻ 19 പന്തിൽ മൂന്ന് റൺസ് വേണമെന്ന ഘട്ടത്തിലാണ് മുൻ നായകൻ എം എസ് ധോണി ക്രിസീലെത്തിയത്. ആരാധകരുടെ കാതടപ്പിക്കുന്ന കരഘോഷത്തിലാണ് ധോണി ക്രിസീലെത്തിയത്. ജയമുറപ്പിച്ച മത്സരത്തിൽ ധോണി എന്തിനാണ് ബാറ്റിംഗിന് ഇറങ്ങിയത് എന്ന് ചിലരെങ്കിലും കരുതിക്കാണും. എന്നാൽ അതിനുള്ള ഉത്തരമാണ് മകളുടെ സ്കൂൾ ഫീസ് പോലും അടക്കാതെ കടംവാങ്ങിയ പൈസകൊണ്ട് ബ്ലാക്കിൽ 64000 രൂപ കൊടുത്ത് ടിക്കറ്റെടുത്ത കളി കാണാനെത്തിയ ഒരു ആരാധകൻ.

ജീവിതത്തിൽ ഒരിക്കലെങ്കിലും ധോണിയുടെ ബാറ്റിംഗ് നേരിൽ കാണാനായാണ് ഈ ആരാധകൻ 64000 രൂപ മുടക്കി തനിക്കും മക്കൾക്കും മത്സരം കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചത്. സ്പോർട്സ്‌വാക്ക് എന്ന പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ ആരാധകൻ താൻ മകളുടെ സ്കൂൾ ഫീസ് പോലും അടച്ചിട്ടില്ലെന്നും കടം വാങ്ങിയ പൈസ കൊണ്ടാണ് ബ്ലാക്കിൽ ടിക്കറ്റ് എടുത്ത് മത്സരം കാണാനെത്തിയതെന്നും തുറന്നു പറഞ്ഞത്. ധോണി ബാറ്റിംഗിനിറങ്ങിയപ്പോൾ താനും മൂന്ന് മക്കളും ആവേശം കൊണ്ട് തുള്ളിച്ചാടിയെന്നും ഇയാൾ പറഞ്ഞു.

അതേസമയം, മകളുടെ സ്കൂൾ ഫീസ് പോലും അടക്കാതെ ഐപിഎൽ മത്സരം കാണാനെത്തിയ ഈ ആരാധകൻറെ പ്രവർത്തിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകർ തമ്മിൽ ചൂടേറിയ ചർച്ചകളും നടക്കുന്നുണ്ട്. ആരാധകൻറെ കഥ കേട്ട് ധോണി തന്നെ സഹായിക്കാനായി രംഗത്തുവരുമെന്ന് ചിലർ പറയുമ്പോൾ മറ്റ് ചിലർ പറയുന്നത് മകളുടെ സ്കൂൾ ഫീസ് പോലും അടക്കാതെ കളി കാണാൻ വന്നതിനെ ധോണി ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നാണ്. എന്നാൽ വീഡിയോയയിൽ തനിക്ക് മകളുടെ സ്കൂൾ ഫീസ് അടക്കാൻ കഴിവില്ലെന്ന് അയാൾ പറയുന്നില്ലെന്നും 64000 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങാൻ കഴിവുള്ളയാൾക്ക് ഫീസ് അടക്കാനും കഴിവുണ്ടാകുമെന്നും ഇയാളെക്കുറിച്ച് ചർച്ച ചെയ്ത് സമയം കളയരുതെന്നും മറ്റ് ചിലരും അഭിപ്രായപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *