Your Image Description Your Image Description

 

മുംബൈ: ഐപിഎല്ലിന് പിന്നാലെ ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിൽ കിരീടം നേടിയാൽ രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾ ബൗണ്ടറി കടത്തി ഇന്ത്യൻ ക്യാപ്റ്റൻ. ഇപ്പോഴും മികച്ച രീതിയിൽ കളിക്കാൻ കഴിയുന്നുണ്ടെന്നും ഏതാനും വർഷം കൂടി ഇതുപോലെ കളിക്കുമെന്നും രോഹിത് പറഞ്ഞു.

ഇന്ത്യ ലോകകപ്പ് നേടുന്നതുവരെയോ എന്ന ചോദ്യത്തിന് അതെ ലോകകപ്പ് ജയിക്കുക എൻറെ വലിയ ആഗ്രഹങ്ങളിലൊന്നാണെന്നും രോഹിത് ഗൗരവ് കപൂറിൻറെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻ എന്ന ടോക് ഷോയിൽ ബ്രിട്ടീഷ് ഗായകൻ എഡ് ഷീരനൊപ്പം പങ്കെടുത്ത് രോഹിത് പറഞ്ഞു. 2025ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുണ്ടെന്നും നമുക്ക് ഫൈനലിൽ എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കിയ രോഹിത് ലോകകപ്പ് എന്നാൽ തൻറെ തലമുറക്ക് അത് ഏകദിന ലോകകപ്പാണെന്നും അത് കണ്ടാണ് വളർന്നതെന്നും വ്യക്തമാക്കി. 2027ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും രോഹിത് കളിക്കുമന്നതിൻറെ വ്യക്തമായ സൂചനയായി ആരാധർ ഇതിനെ കാണുന്നു.

ക്രിക്കറ്റ് കളിക്കാൻ ഏറ്റവും അധികം ബുദ്ധിമുട്ടുള്ള സ്റ്റേഡിയ ഓസ്ട്രേലിയയിലെ എംസിജി ആണെന്നും ഏറ്റവും ഭയപ്പെടുത്തുന്ന സ്റ്റേഡിയവും അത് തന്നെയാണെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് സെമിയിൽ ജയിച്ചപ്പോൾ ഫൈനലിൽ തോൽക്കാൻ ഒരു കാരണവും തനിക്ക് കണ്ടെത്താനായിരുന്നില്ലെന്നും കാരണം, ബാക്കിയെല്ലാം പെർഫെക്ടാണെന്നായിരുന്നു താൻ കരുതിയതെന്നും രോഹിത് പറഞ്ഞു. ഫൈനലിനിറങ്ങുമ്പോൾ അത്രയേറെ ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷെ ഒരു മോശം ദിവസം എല്ലാം തകിടം മറിച്ചുവെന്നും രോഹിത് പറഞ്ഞു.

ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഏകദിനത്തിലും ടെസ്റ്റ് മത്സരങ്ങളിലും മാത്രം ഇന്ത്യക്കായി കളിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. 2025ലെ ചാമ്പ്യൻസ് ട്രോഫി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, 2027ലെ ഏകദിന ലോകകപ്പും ഇരുവരുടെയും ലക്ഷ്യങ്ങളാണെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *