Your Image Description Your Image Description
Your Image Alt Text

 

 

ഷാർജ: ഷാർജയിലെ അൽ നഹ്ദയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. രണ്ട് ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്. ബെംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ചത്.

ദുബൈ വേൾഡ് ട്രേഡ് സെൻററിന് കീഴിലെ ഡിഎക്സ്ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മൈക്കിൾ സത്യദാസ്. സംഗീതജ്ഞരായ എ ആർ റഹ്മാൻ, ബ്രൂണോ മാർസ് എന്നിവരുടെ ഉൾപ്പെടെ സംഗീത പരിപാടികളിൽ പ്രവർത്തിച്ചിട്ടുള്ള സൗണ്ട് എഞ്ചിനീയറായിരുന്നു മൈക്കിളെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.

മരിച്ച സംറീൻ ബാനുവിൻറെ വിവാഹം ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. മദീനയിൽ വെച്ചായിരുന്നു വിവാഹം. ശേഷം ദമ്പതികൾ അൽ നഹ്ദയിലെ കെട്ടിടത്തിൽ താമസിച്ചുവരികയായിരുന്നെന്ന് യുവതിയുടെ സുഹൃത്തിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. സംറീൻറെ ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ദുബൈയിൽ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ സംറീന്റെ മൃതദേഹം ഖിസൈസിൽ ഖബറടക്കി.

വ്യാഴാഴ്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. ആകെ 750 അപ്പാർട്ട്‌മെന്റുകളാണ് കെട്ടിടത്തിലുള്ളത്. തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് 44 പേരെയായിരുന്നു ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 27 പേർ ചികിത്സകൾക്ക് ശേഷം ആശുപത്രി വിട്ടു. അഞ്ച് പേരാണ് മരിച്ചത്.

രാത്രി 10.50 മണിയോടെ വിവരം അറിഞ്ഞ ഉടൻ എമർജൻസി സംഘങ്ങൾ സ്ഥലത്തെതതിയതായി ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി പറഞ്ഞു. താമസക്കാരെ അതിവേഗം കെട്ടിടത്തിൽ നിന്നൊഴിപ്പിച്ച് താത്കാലിക താമസസ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. എമിറേറ്റ്സ് റെഡ് ക്രസൻറിൻറെ സഹായത്തോടെയായിരുന്നു ഇത്. കുട്ടികളടക്കം 156 പേരെ ഒരു ഹോട്ടലിലേക്ക് മാറ്റി പാർപ്പിച്ചു.

അതേസമയം തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാനായി ബഹുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ ആഫ്രിക്കൻ സ്വദേശി മരണപ്പെട്ടിരുന്നു. 18-ാമത്തെയും 26-ാമത്തെയും നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *