Your Image Description Your Image Description

 

കൊച്ചി: കാസർഗോഡ് ഗവൺമെന്റ് കോളേജിൽ മുൻ പ്രിൻസിപ്പാളിനെതിരായ നടപടിയിൽ എസ്എഫ്ഐക്കും സർക്കാറിനും കനത്ത തിരിച്ചടി. എസ്എഫ്ഐ വിദ്യാർത്ഥിയെ അപമാനിച്ചെന്ന പരാതിയിൽ സ്വീകരിച്ച സർക്കാർ നടപടികളെല്ലാം റദ്ദാക്കി ഹൈക്കോടതി. കാസർഗോഡ് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. എം രമയ്ക്കെതിരെ സ‍ർക്കാർ സ്വീകിരിച്ച നടപടികളാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്എഫ്ഐയുടെ സമ്മർദ്ദത്തിന്റെ ഫലമായി സ്ഥലം മാറ്റിയെന്നടക്കമുള്ള ആരോപണങ്ങളുയർന്ന സംഭവത്തിലാണ് ഹൈക്കോടതി വിധി. രമയ്ക്കെതിരായ അന്വേഷണം ഏകപക്ഷീയമെന്നും കോടതി പറഞ്ഞു. അധ്യാപികയെ തടഞ്ഞുവച്ചതടക്കമുള്ള പരാതികളിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി ചോദിച്ചു. നടപടികളിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്നും കോടതി വിലയിരുത്തി.

എസ്എഫ്ഐക്കെതിരെ ലഹരി ആരോപണവും, അസാന്മാർഗിക പ്രവർത്തനങ്ങളും ആരോപിച്ച പ്രിൻസിപ്പാളിനെതിരെ സർക്കാർ കൈകൊണ്ട എല്ലാ നടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നേതൃത്വത്തിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും, അസാന്മാർഗിക പ്രവർത്തനം നടക്കുന്നു എന്നും ഓൺലൈൻ മാധ്യമത്തോട് ഡോ. എം രമ പറഞ്ഞിരുന്നു. ഈ സംഭവത്തിലെ വൈരാഗ്യമാണ് പരാതികൾക്ക് പിന്നിലെന്നായിരുന്നു രമയുടെ വാദം. ഇതിന് പുറമെ സർവീസിന്റെ അവസാന പ്രവൃത്തി ദിവസം രമക്കെതിരെ ഇറക്കിയ കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രേരണയിൽ എടുത്ത വകുപ്പുതല അന്വേഷണവും റദ്ദാക്കിയിട്ടുണ്ട്.

വകുപ്പുതല നടപടിയെടുക്കാൻ കോഴിക്കോട് കോളേജിയേറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർക്ക് അന്വേഷണ ചുമതല നൽകിയപ്പോൾ തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്റ്റേ ചെയ്തിരുന്നു. തുടർന്നായിരുന്നു രമയ്ക്കെതിരായ പഴയ പരാതിയിൽ വകുപ്പ് തല നടപടിയുടെ ഭാഗമായി വിരമിക്കുന്ന അവസാന പ്രവൃത്തി ദിവസം കുറ്റപത്രം നൽകിയത്. 2022 ൽ കാസർഗോഡ് ഗവൺമെന്റ് കോളേജിൽ പ്രവേശനം നേടാൻ പരിശ്രമിച്ച ഒരു വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അവസാന പ്രവൃത്തി ദിവസം നൽകിയ കുറ്റപത്രം.

ഡോ. രമ , സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹിയറിങ്ങിന് മുന്നോടിയായി ഡിവിഷൻ ബെഞ്ചിൽ നിന്നും സ്റ്റേ ലഭിച്ചു. പിന്നീട് ഉള്ള ഹൈക്കോടതി സിറ്റിങ്ങിൽ രമ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഓപ്പൺ കോടതിയിൽ കണ്ടു. പ്രിൻസിപ്പാളിനെതിരെ പ്രത്യക്ഷത്തിൽ തെളിവുകളൊന്നുമില്ല എന്നും, ബാഹ്യ ഇടപെടൽ വ്യക്തമാണ് എന്നും കോടതി നിരീക്ഷിച്ചു.

പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ഉൾപ്പെടെ പല കോളേജുകളിലും അധ്യാപകർ എസ് എഫ് ഐ ക്കെതിരെ പ്രതികരിക്കാത്തത് പകയോട് കൂടിയുള്ള ഇത്തരം സർക്കാർ നടപടികൾ ഭയന്നാണ് എന്ന് സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം കോടതിയിൽ പറഞ്ഞിരുന്നു. ഹൈക്കോടതി ജഡ്ജിമാരായ മുഹമ്മദ് മുഷ്താഖ് , ശോഭാ അന്നമ്മ ഈപ്പൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *