Your Image Description Your Image Description

പാലക്കാട് : സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു. ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇക്കാര്യത്തില്‍ ജാഗരൂകരാവണം. തൊഴില്‍ മേഖലകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിനകത്ത് തന്നെ ഉന്നത വിദ്യാഭ്യാസത്തിന് മികച്ച സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കെ യൂറോപ്പിലേയും മറ്റും നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഏജന്‍സികളുടെ പരസ്യത്തില്‍ ആകൃഷ്ടരായി ആസക്തിയോടെ എടുത്തു ചാടുകയാണ് യുവജനങ്ങള്‍. ഇക്കാര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രത്യേകം ജാഗ്രത പാലിക്കണം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പലരും ശ്രമിക്കുന്നതായും ഇത്തരം ശ്രമങ്ങളെ ഗൗരവമായി കണ്ട് കമ്മീഷന്‍ കേസെടുത്തതായും ചെയര്‍മാന്‍ പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 23 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. 10 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. പുതുതായി എട്ടു പരാതികളും ലഭിച്ചു. പള്ളി കമ്മിറ്റി ഭ്രഷ്ട് കല്‍പ്പിച്ച് തന്റെ കുടുംബത്തെ മഹല്ലില്‍ നിന്ന് അകറ്റിനിര്‍ത്തുന്നുവെന്ന പരാതിയില്‍ ഇരുകൂട്ടരുമായി സംസാരിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കി. ജോലി തട്ടിപ്പ്, പി.എസ്.സി റാങ്ക് ലിസ്റ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിച്ചതില്‍ അധികവും. ഭിന്നശേഷി വിദ്യാര്‍ഥിയും അധ്യാപകനുമായി ഉണ്ടായ തര്‍ക്കം, പൊലീസിനെതിരെയുള്ള പരാതി തുടങ്ങിയവയും കമ്മീഷന്റെ പരിഗണനയ്‌ക്കെത്തി. യുവജന കമ്മീഷന്‍ കമ്മീഷന്‍ അംഗം കെ. ഷാജഹാന്‍, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് പി. അഭിഷേക് തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *