Your Image Description Your Image Description

ജന്മവാസനയ്ക്കൊപ്പം ശാസ്ത്രീയ പരിശീലനവുമുണ്ടെങ്കിൽ പ്രഫഷണൽ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന മേഖലയാണ് ലളിതകലകൾ. ഡിജിറ്റൽ മാർക്കറ്റിംഗ്, പരസ്യ രംഗത്തെ കുതിച്ചു ചാട്ടങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രചാരം, വെബ്സൈറ്റ് രൂപകൽപനയിലെ നൂതന വെല്ലുവിളികൾ, മൾട്ടിമീഡിയയും ഗെയിമിങ്ങുമടക്കമുളള മേഖലകളിലെ പുതുമകൾ എന്നിവയൊക്കെ ചേർന്ന് വിഷ്വൽ ആർട്സിന് ഏറെ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്.

ചിത്രങ്ങളും ശില്പങ്ങളും ഒരു കലാകാരന് തന്റെ ആത്മപ്രകാശനത്തിന്റെ വഴികളാണ്. എന്നാൽ അതിനപ്പുറമുളള വാണിജ്യമാനങ്ങൾ അവയ്ക്കുണ്ട്. ലളിതകലകളെന്നും പ്രയുക്തകലകളെന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ലളിതകലകൾ ജന്മസിദ്ധമായ കഴിവുകളെ ആശ്രയിച്ചിരിക്കുന്നു. കമ്പ്യൂട്ടറിന് ഏറെ പ്രാധാന്യമുളള ഇക്കാലത്ത് ഗ്രാഫിക്സ്. ആനിമേഷൻ രംഗത്തും ഇത്തരക്കാർക്ക് ശോഭിക്കാം.

ക്രിയാത്മകമായ കഴിവുകളെ നിലവിലെ സാമൂഹിക, സാംസ്കാരിക അന്തരീക്ഷത്തിൽ കൃത്യമായി ഉപയോഗിക്കാൻ ശീലിപ്പിക്കലാണ് ആധുനിക കലാപഠനത്തിന്റെ രീതി. കലയെ പ്രൊഫഷണലായി സമീപിക്കുന്ന യുവതലമുറയ്ക്ക് ഉപരിപഠനത്തിലും കരിയറിലും അനേകം അവസരങ്ങളുണ്ട്.

തൊഴിലവസരങ്ങൾ

അനിമേഷൻ, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി ആർട്ട് കൺസൾട്ടൻസി വരെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് കലാകാരന്മാർക്ക് അവസരങ്ങൾ അനവധിയാണ്. സ്വയം സംരംഭങ്ങൾ തുടങ്ങാനുളള സാധ്യതകൾ പോലുമുണ്ട് ഇതിൽ. മാറുന്ന കാലത്തെ അഭിരുചി വ്യത്യാസങ്ങളെ തിരിച്ചറിയാനും ഉൾക്കൊളളാനും കഴിവുണ്ടെങ്കിൽ മാർക്കറ്റിംഗിലും ഒരുകൈ നോക്കാം. വിപണി കണ്ടെത്താൻ ഓൺലൈൻ സംവിധാനവും ഉപയോഗപ്പെടുത്താം.

ബ്രാൻഡിംഗ് കൺസൾട്ടന്റ്, ഗ്രാഫിക് ഡിസൈനർ, ബ്രാൻഡിംഗ് ഓഫീസർ, അനിമേറ്റർ, കാർട്ടൂണിസ്റ്റ്, ഇല്ലസ്ട്രേറ്റർ, ആർട്ട് കൺസൾട്ടന്റ്, ആർട്ട് ഡീലർ എന്നിങ്ങനെ പുതിയ ലോകത്തിൽ ധാരാളം പുതിയ കരിയറുകൾ ഫൈൻ ആർട്സ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു. സിനിമ, ഫോട്ടോഗ്രഫി, തീയേറ്റർ, വീഡിയോ പ്രൊഡഷൻ, എഡിറ്റിംഗ്, ഡിസൈനിംഗ്, പരസ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ ഫൈൻ ആർട്സ് പഠിച്ചവർക്ക് തൊഴിൽ സാധ്യതകളുണ്ട്.

സംസ്കൃത സർവ്വകലാശാലയിൽ ഫൈന്‍ ആര്‍ട്സ് പഠിക്കാം

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (വിഷ്വല്‍ ആര്‍ട്സ്) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്‌.

പ്രവേശനം എങ്ങനെ?

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും 55% മാർക്കോടെ (എസ്. സി./എസ്. ടി., ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 50% മാര്‍ക്ക്) ഫൈൻ ആർട്‌സിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. ബി. എ. പ്രോഗ്രാമിന്‍റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2024 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2024 ആഗസ്റ്റ് 31ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

അവസാന തീയതി ഏപ്രിൽ 24

ഏപ്രിൽ 24ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. എന്‍ട്രന്‍സ്‌ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ മെയ് രണ്ടുവരെ ഡൌണ്‍ലോഡ് ചെയ്യാം. പ്രവേശന പരീക്ഷകൾ മെയ് 13 മുതൽ 16 വരെ, സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. മെയ് 27ന് റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിക്കും. ജൂണ്‍ 12ന് ക്ലാസ്സുകള്‍ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2699731.

Leave a Reply

Your email address will not be published. Required fields are marked *