Your Image Description Your Image Description

 

ആലപ്പുഴ: അരങ്ങിന് വിപ്ളവഭാഷ്യം പകർന്ന തോപ്പിൽ ഭാസിയുടെ നൂറാം ജന്മദിനമാണിന്ന്. മലയാളത്തിലെ പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് തോപ്പില്‍ ഭാസി. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌.

1924 ഏപ്രില്‍ 8ന് നാണിക്കുട്ടിയമ്മയുടെയും പരമേശ്വരന്‍ പിള്ളയുടെയും മകനായി തോപ്പില്‍ ഭാസി ജനിച്ചു. പഠിക്കാന്‍ മിടുക്കനായിരുന്ന ഭാസി, തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. വൈദ്യകലാനിധി ബിരുദം നേടിയത് ഒന്നാമനായി. മനുഷ്യ പുത്രര്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാത്തവരുടേത് കൂടിയാണ് ഈ ഭൂമിയെന്ന് ഭാസി തിരിച്ചറിഞ്ഞു. കോണ്‍ഗ്രസുകാരനായിരുന്ന ഭാസി കമ്മ്യൂണിസ്റ്റായി. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു. 1949 ഡിസംബര്‍ 31ന് മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ശൂരനാട് സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയി.

തോപ്പില്‍ ഭാസി എന്നാല്‍ മലയാളിക്ക് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമാണ്. ഒളിവിലിരുന്ന് സോമന്‍ എന്ന പേരിലാണ് നാടകം രചിച്ചത്. മുപ്പത്തിനാലാം വയസ്സില്‍ എഴുതിയ ആത്മകഥയ്ക്ക് ഭാസിയിട്ട പേര് ഒളിവിലെ ഓര്‍മ്മകള്‍ എന്നാണ്. സര്‍വ്വേക്കല്ല്, മുടിയനായ പുത്രന്‍, മൂലധനം,പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, ശരശയ്യ, തുലാഭാരം, യുദ്ധകാണ്ഡം അങ്ങനെ പല പേരുകളില്‍ ഭാസിയുടെ നവോത്ഥാന ചിന്തകള്‍ നാടകങ്ങളായി അരങ്ങുകളിലെത്തി.

കേരളത്തിന്‍റെ നവോത്ഥാന സങ്കല്‍പ്പങ്ങള്‍ക്ക് തീകൊളുത്തിയ തോപ്പില്‍ ഭാസി എന്ന ഇതിഹാസ നാടകത്തിന് 1992 ഡിസംബര്‍ 8ന് തിരശ്ശീല വീണു. തലമുറകള്‍ തോറും അക്ഷരങ്ങളായും രാഷ്ട്രീയമായും കെടാത്ത കൈത്തിരി നാളമായി തോപ്പില്‍ ഭാസി തെളിഞ്ഞുകത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *