Your Image Description Your Image Description
Your Image Alt Text

 

 

അമേരിക്കയിലെ മുൻനിര ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശന പദ്ധതിയുമായി ബന്ധപ്പെട്ട് ഏറെക്കാലമായി വിവിധ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ ടെസ്‌ലയുടെ ഒരു സംഘം ഇന്ത്യ സന്ദർശിക്കുമെന്നും കമ്പനിക്കുള്ള പ്ലാൻ്റിനായി സ്ഥലം അന്വേഷിക്കും എന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ടെസ്‌ല അടുത്തിടെ തങ്ങളുടെ പുതിയ പ്ലാൻ്റിനായി രണ്ടുമുതൽ മൂന്ന് ബില്യൺ ഡോളർ (ഏകദേശം 16,700 കോടി മുതൽ 25,000 കോടി രൂപ വരെ) നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

ടെസ്‌ല ഈ മാസം ഇന്ത്യയിലേക്ക് ഒരു ടീമിനെ അയയ്ക്കാൻ പദ്ധതിയിടുന്നതായാണ് ഫിനാൻഷ്യൽ ടൈംസ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയുടെ ഫാക്ടറിക്ക് ഇവിടെ ഭൂമി കണ്ടെത്തുന്നതിന് ഈ സംഘം പ്രവർത്തിക്കും. പുതിയ പ്ലാൻ്റ് സ്ഥാപിക്കുന്ന സ്ഥലം കമ്പനി ശ്രദ്ധാപൂർവ്വം പഠിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ലൊക്കേഷൻ ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും, ടെസ്‌ല ഫാക്ടറിയുടെ സാധ്യതയുള്ള പട്ടികയിൽ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ ഓട്ടോമോട്ടീവ് ഹബ്ബുകളുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു. അടുത്തിടെ, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് പുതിയ നയം തയ്യാറാക്കിയിരുന്നു. ഈ നയം അനുസരിച്ച് കുറഞ്ഞത് 500 ദശലക്ഷം ഡോളർ നിക്ഷേപിക്കുകയും പ്രാദേശിക ഉൽപ്പാദനം നടത്തുകയും ചെയ്യുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവയിൽ ഇന്ത്യ ഇളവ് നൽകും.

ഇന്ത്യൻ സർക്കാരിൻ്റെ ഈ നയമാറ്റം ഇന്ത്യയിൽ ഒരു നിർമ്മാണ പ്ലാൻ്റ് സ്ഥാപിക്കാനുള്ള പദ്ധതിയെ ഗൗരവമായി പരിഗണിക്കാൻ ടെസ്‌ലയെ പ്രോത്സാഹിപ്പിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയിലും ചൈനയിലും ടെസ്‌ല ശക്തമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. ചൈനീസ് ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ബിൽഡ് യുവർ ഡ്രീം (ബിവൈഡി) വാഹന വിൽപ്പനയിൽ ടെസ്‌ലയെ പിന്തള്ളിയിരുന്നു. ഇക്കാരണങ്ങളാൽ, ടെസ്‌ല മറ്റ് വിപണികളിൽ തങ്ങളുടെ സ്ഥാനം ശക്തമാക്കാൻ അതിവേഗം തയ്യാറെടുക്കുകയാണ്.

ഇന്ത്യയ്ക്കായുള്ള ടെസ്‌ലയുടെ പദ്ധതികൾ നിർമ്മാണത്തിൽ മാത്രം ഒതുങ്ങുന്നില്ല. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വിപണിയിൽ 24,000 ഡോളർ (ഏകദേശം 20 ലക്ഷം രൂപ) വിലയുള്ള ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ നിർമ്മിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഇതിനുപുറമെ, ഉയർന്ന മോഡലുകൾക്ക് നികുതി ഇളവ് നൽകണമെന്ന് കമ്പനി പറയുന്നു.

അതേസമയം ടെസ്‌ലയുമായി കരാർ ഒപ്പിടുന്നതിൻ്റെ നീക്കത്തിലാണ് ഇന്ത്യയെന്നും അടുത്ത വർഷം മുതൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാനും വിൽക്കാനും കഴിയുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വർഷത്തിനകം ഫാക്ടറി സ്ഥാപിക്കാനുള്ള സൗകര്യം ഉണ്ടാകും. ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം ഏറെക്കാലമായി വാഹനലോകം കാത്തിരിക്കുകയാണ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ ടെസ്‌ല സിഇഒ എലോൺ മസ്‌കും പ്രധാനമന്ത്രി മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഈ ചർച്ചയ്ക്ക് ആക്കം കൂട്ടി. അതിനുശേഷം ഇന്ത്യയിൽ ടെസ്‌ല കാറുകൾ പുറത്തിറക്കുന്നതിനെക്കുറിച്ചും പ്ലാൻ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചും എലോൺ മസ്‌ക് സംസാരിച്ചു. 2024-ഓടെ ഇന്ത്യയിൽ “പ്രധാനമായ നിക്ഷേപം” നടത്താൻ ടെസ്‌ല ആലോചിക്കുന്നതായി കഴിഞ്ഞ വർഷം ജൂണിൽ എലോൺ മസ്‌ക് പറഞ്ഞിരുന്നു.

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം അതിവേഗം വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം, രാജ്യത്ത് വിറ്റഴിച്ച മൊത്തം പാസഞ്ചർ വാഹനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ മാത്രം വിഹിതം ഏകദേശം 1.3 ശതമാനം ആയിരുന്നു. ഇത് ഈ വർഷം ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *