Your Image Description Your Image Description

 

 

ഡൽഹി: നവജാത ശിശുക്കളുടെ ജനന രജിസ്ട്രേഷനിൽ കുട്ടിയുടെ മാതാ പിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് ചട്ടം. പുതിയ മാറ്റം ഉൾപ്പെടുത്തിയുള്ള കരട് ചട്ടം കേന്ദ്രം പുറത്തിറക്കി. നേരത്തെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. നവജാത ശിശുവിന്റെ ജനനം രജിസ്ട്രർ ചെയ്യുമ്പോൾ മാതാവിന്റേയും പിതാവിന്റേയും മതം പ്രത്യേകം രേഖപ്പെടുത്തുന്ന കോളം ഇനിമുതൽ ഉണ്ടാവുമെന്നാണ് കരട് വ്യക്തമാക്കുന്നത്.

ദത്തെടുക്കലിന് അടക്കം ഈ ചട്ടം ബാധകമാവും. വിവിധ ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഒറ്റ രേഖയായി ഉപയോഗിക്കാൻ അനുവദിക്കുന്ന ജനന മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ 2023 മൺസൂൺ കാല സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയിരുന്നു. സ്കൂൾ പ്രവേശനം, ലൈസൻസ്, വോട്ടർ പട്ടിക, ആധാർ, വിവാഹ രജിസ്ട്രേഷൻ, സർക്കാർ ജോലിക്കുള്ള നിയമനം എന്നിങ്ങനെ പൊതു സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ സുതാര്യമാക്കുമെന്ന് വിശദമാക്കിയാണ് ബിൽ അവതരിപ്പിച്ചത്.

ദേശീയ തലത്തിൽ ഡാറ്റാ ബേസ് തയ്യാറാക്കി ജനന മരണ വിവരങ്ങൾ സൂക്ഷിക്കും. ഈ വിവരങ്ങൾ മറ്റ് പല സേവനങ്ങൾക്കും വേണ്ടി ഉപയോഗിക്കും. സ്ഥലം ആധാരം ചെയ്യുന്നതിനും, റേഷൻ കാർഡിനും, പാസ്പോർട്ടിനും, എൻപിആറിനും അടക്കം ഈ ഡേറ്റ ബേസിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകും. ലോക്സഭയിൽ ഓഗസ്റ്റ് 1 നും രാജ്യ സഭയിൽ ഓഗസ്റ്റ് 7നുമാണ് ബിൽ പാസായത്. നിയമം പ്രാബല്യത്തിൽ ആകുന്നതിന് മുൻപ് സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യണം ഒപ്പം സംസ്ഥാന സർക്കാരിന്റെ അംഗീകാരവും വേണം.

Leave a Reply

Your email address will not be published. Required fields are marked *